കോഴിക്കോട് ജില്ല റവന്യൂ ജില്ലാ കലോത്സവം മലയാളവൽക്കരിക്കാനുള്ള ശ്രമങ്ങൾ ശ്രദ്ധേയമാകുന്നു

മാതൃഭാഷയ്ക്ക് പ്രാധാന്യം കിട്ടാൻ അക്ഷരസ്നേഹികൾ പെടാപ്പാട് പെടുന്ന ഒരു സംസ്ഥാനത്ത് റവന്യൂ ജില്ലാ കലോത്സവം മലയാളവൽക്കരിക്കാനുള്ള എളിയ ശ്രമങ്ങൾ ശ്രദ്ധ നേടുന്നു. വടകരയിൽ നടന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന് എത്തിച്ചേർന്ന വിധികർത്താക്കൾക്കും സംഘാടകർക്കും ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റ് അല്ല നൽകിയത്; പകരം അതിൻറെ മലയാളം പതിപ്പായ ‘സേവന സാക്ഷ്യപത്രം’ ആണ്. ഇത് രൂപകൽപ്പന ചെയ്തത് ഒരു ഇംഗ്ലീഷ് അധ്യാപകനാണ് എന്നതാണ് മറ്റൊരു സവിശേഷത. വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ ഇംഗ്ലീഷ് ലക്ചറർ ആയ വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്.

 

കലോത്സവ അനൗൺസ്മെൻറ്കളിൽ സ്ഥിരമായി കാണുന്ന ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയുള്ള മംഗ്ലീഷ് അനൗൺസ്മെൻ്റിന് പകരം ശുദ്ധമല മലയാളത്തിൽ അനുഖ്യാതി (അനൗൺസ്മെൻറ്) നടത്തി നാരായണൻ നേരത്തെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങളായി സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ ഒറ്റ ഇംഗ്ലീഷ് പദം പോലും ഇല്ലാതെ മലയാളത്തിൽ മാത്രം അനുഖ്യാതി നടത്തുക ആയിരുന്നു നാരായണന്റെ പതിവ്. ഇത്തവണ പക്ഷേ നാരായണന്റെ സ്വന്തം നാട്ടിൽ അദ്ദേഹത്തിൻറെ അനുഖ്യാതി ഇല്ല. കലോത്സവത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായി ഓടി നടക്കുന്നതിനിടയിൽ ഒരു വേദിയിൽ ഒതുങ്ങി നിന്ന് അനുഖ്യാതി നടത്താൻ കഴിയാതിരുന്നതാണ് കാരണം. 34 വർഷമായി തുടരുന്ന തൻറെ അനുഖ്യാതി അവസാനിപ്പിച്ച് നാരായണൻ ഇത്തവണ സർവീസിൽ നിന്നും വിരമിക്കും.

Comments

COMMENTS

error: Content is protected !!