സ്ത്രീകൾ നടുറോഡിൽ തമ്മിൽതല്ലിയ ദൃശ്യങ്ങള്‍ പകർത്തിയ ഓട്ടോ ഡ്രൈവറുടെ കയ്യൊടിച്ച് യുവതി
സ്ത്രീകൾ നടുറോഡിൽ തമ്മിൽതല്ലിയ ദൃശ്യങ്ങള്‍ പകർത്തിയ ഓട്ടോ ഡ്രൈവറുടെ കയ്യൊടിച്ച് യുവതി. ഓട്ടോ ഡ്രൈവറായ വിജിത്ത് എന്നയാളാണ് യുവതിയുടെ ആക്രമണത്തിനിരയായത്. സംഭവത്തിൽ അൻസിയ എന്ന യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കടയ്ക്കൽ പാങ്ങലുകാട് ആണ് സംഭവം.
ഒരാഴ്ച മുമ്പ് കടയ്ക്കൽ പാങ്ങലുകാട് ജംഗ്ഷനിലാണ് സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടിയത്. യുവതികൾ പരസ്പരം അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കൂട്ടത്തിലെ ഒരു യുവതി കൈ തല്ലിയൊടിച്ചത്. അൻസിയ എന്ന സ്ത്രീ കമ്പിവടി കൊണ്ട് അടിച്ചുവെന്നാണ് വിജിത്തിന്റെ പരാതി. വിജിത്തിന്റെ പരാതിയിൽ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തിൽ വിജിത്തിന്റെ ഇടത് കൈ ഒടിഞ്ഞിട്ടുണ്ട്. പരുക്കേറ്റ യുവാവിനെ മറ്റ് ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഘർഷത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് സ്ത്രീകൾ നൽകിയ പരാതിയിലും ഇതേ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതികളെ മർദ്ദിച്ചതിന് എസ് സി, എസ്ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുളളതെന്നും പൊലീസ് പറഞ്ഞു. അതേസമയം യുവതിയുടെ അറസ്റ്റ് നടപടികൾ വൈകുകയാണ്.