ജാതിയുടെ പേരില്‍ കേന്ദ്രവും ഉത്തര്‍പ്രദേശും രണ്ടുതട്ടില്‍

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഒബിസി പട്ടികയിലുള്ള 17 ജാതിവിഭാഗങ്ങളെ കൂടി പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍. യു.പി സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതല്ലെന്നും കേന്ദ്ര സാമൂഹിക നീതി – ശാക്തീകരണ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.

 

യുപി സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു. നീക്കവുമായി മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ശുപാര്‍ശ പരിശോധിച്ച് കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

രാജ്യസഭയില്‍ ശൂന്യവേളയില്‍ ബിഎസ്പി അംഗം എസ്.സി മിശ്രയാണ് വിഷയം ഉന്നയിച്ചത്. ഏതെങ്കിലും ഒരു ജാതിയെ ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ഇത്തരം ശുപാര്‍ശകള്‍ എത്തിയിരുന്നുവെങ്കിലും അവയൊക്കെ പാര്‍ലമെന്റ് നിരാകരിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

കശ്യപ്, രാജ്ഭര്‍,ധിവാര്‍, ബിന്‍ഡ്, കുമാര്‍, കഹാര്‍, കേവത്, നിഷാദ്, ഭര്‍,മല്ല, പ്രജാപതി,ധിമാര്‍,ബാതം,തുര, ഗൊദിയ, മാഞ്ചി, മച്ചുവ തുടങ്ങിയ ഒബിസി പട്ടികയിലുള്ള ജാതികളെയാണ് പട്ടികജാതിയിലേക്ക് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. 12 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ വെറുമൊരു ഉത്തരവിന്റെ പുറത്ത് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും നിലനില്‍ക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

ഭരണഘടന പ്രകാരം പട്ടികജാതി ലിസ്റ്റില്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിക്ക് പോലും അധികാരമില്ല. പാര്‍ലമെന്റിന് മാത്രമാണ് അധികാരമെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ അധികാരത്തെ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ബിഎസ്പി അംഗം സഭയില്‍ പറഞ്ഞു. എന്നാല്‍ 2017ലെ അലഹബാദ് ഹൈക്കോടതി വിധി തങ്ങളുടെ നീക്കം ശരിവെക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
Comments

COMMENTS

error: Content is protected !!