സ്നേഹതീരം ‘പത്താം വാർഷികം ഫെബ്രുവരി അഞ്ച് ഞായറാഴ്ച നടക്കും
കൊയിലാണ്ടി :കനിവ് സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കാപ്പാട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്നേഹതീരം അഗതി മന്ദിരത്തിന്റെ പത്താം വാർഷികം ഫെബ്രുവരി അഞ്ച് ഞായറാഴ്ച നടക്കും.
ആരും സംരക്ഷിക്കാനില്ലാതെ ആശുപത്രികളിലും മറ്റും ഉപേക്ഷിക്കപ്പെട്ട 150- ഓളം പേർക്ക് അഭയമാകാൻ സ്നേഹതീരത്തിനു ഇതിനകം കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുൾപ്പെടെ അൻപതോളം പേർ ഇപ്പോൾ സ്നേഹതീരത്തിന്റെ സംരക്ഷണയിൽ കഴിയുന്നു. പത്തു ജീവനക്കാരും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വാർഷികത്തിന്റെ ഭാഗമായി രാവിലെ പത്തു മണിക്ക് നടക്കുന്ന സ്നേഹസദസ്സ് -അഭ്യുദയകാംക്ഷികളുടെ ഒത്തു ചേരൽ -കെ. മുരളീധരൻ എം. പി. ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി. കെ. കെ. ബാവയെ ചടങ്ങിൽ ആരിക്കും. സ്ത്രീകളുടെ ബ്ലോക്കിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നു മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.25 പേരെ ഈ നിലയിൽ പ്രവേശിപ്പിക്കാൻ കഴിയും.
കിച്ചൻ ബ്ലോക്ക് കാനത്തിൽ ജമീല എം. എൽ. എ ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ എം. കെ. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയർമാൻ കെ. അബ്ദുല്ലക്കോയ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ചടങ്ങിൽ സംസാരിക്കും.
രാത്രി ഏഴു മണിക്ക് ഫോക് ആർട്സ് കോഴിക്കോട് അവതരിപ്പിക്കുന്ന കലാനിശയിൽ ഒപ്പന, കോൽക്കളി, ദുഫ്മുട്ട്, ഗാനമേള എന്നിവ അരങ്ങേറും.