Uncategorized

സ്വകാര്യബസുകളിലെ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി മോട്ടോര്‍വാഹന വകുപ്പ്

സ്വകാര്യബസുകളിലെ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി മോട്ടോര്‍വാഹന വകുപ്പ്. യാത്രക്കാരോട് പെരുമാറുന്നതിലടക്കം പ്രത്യേക പരിശീലനം നല്‍കിയ ശേഷം മാത്രം യുവാക്കളെക്കൊണ്ട് കണ്ടക്ടര്‍ ലൈസന്‍സ് എടുപ്പിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. കൊല്ലം ആര്‍ ടി ഒ എന്‍ഫോഴ്‌സ്മെന്റിന്റെയും കുന്നത്തൂര്‍ സബ് ആര്‍ ടി ഒയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി. 

ജില്ലയില്‍ നിലവില്‍ 800 ഓളം സ്വകാര്യ ബസുകളുണ്ട്. ഇവയിലെ കണ്ടക്ടര്‍മാര്‍ക്കെതിരെ ദിവസം പത്ത് പരാതികളെങ്കിലും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ള മോശം പെരുമാറ്റം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്. ലൈസന്‍സുള്ള കണ്ടക്ടര്‍മാരുടെ എണ്ണക്കുറവ് കാരണം ബസ് മുതലാളിമാര്‍ക്കും പ്രശ്‌നക്കാരായ കണ്ടക്ടര്‍മാരെ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ലൈസന്‍സുളളവര്‍ കുറവായതിനാല്‍ കിട്ടുന്നവരെ കണ്ടക്ടര്‍മാരാക്കുകയാണ ഉടമകള്‍. ഇതിനുള്ള പരിഹാരമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം.

പുതിയ തീരുമാന പ്രകാരം ഉത്തവാദിത്വബോധമുള്ള കണ്ടക്ടര്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക പരിശീലനമാകും നല്‍കുക. അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും യോഗ്യത എന്താണെന്നും പലര്‍ക്കും അറിയാത്തതുകൊണ്ടാണ് പുതുതലമുറയിലെ വലിയൊരു വിഭാഗം ഈ രംഗത്തേക്ക് കടന്നുവരാത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ലൈസന്‍സിന് അപേക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കും. അന്ന് തന്നെ പെരുമാറ്റത്തിലും പ്രഥമ ശുശ്രൂഷയിലും ഓണ്‍ലൈന്‍ പരീക്ഷയുടെ സിലബസിലും പരിശീലനം നല്‍കും. ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. ജില്ലയില്‍ എവിടെയുള്ളവര്‍ക്കും പങ്കെടുക്കാം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button