Uncategorized

സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ് ഐ ആർ

തിരുവനന്തപുരംമുൻമന്ത്രിയായ കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതര പരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. ജലീൽ സ്വപ്നയ്ക്ക് എതിരെ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം.

പൊലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും.

സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. പിന്നാലെ കെ ടി ജലീൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.

സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം.

അതേസമയം സ്വര്‍ണക്കടത്തുകേസ് പ്രതി പി എസ് സരിത്തിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് വിജിലന്‍സ്. പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരം യൂണിറ്റിന് കൈമാറും. ലൈഫ് മിഷന്‍ കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമാണെന്ന് വിശദീകരണം. അതേസമയം സ്വപ്ന സുരേഷും സരിത്തും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. ഇരുവരും ഹൈക്കോടതിയെ സമീപിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button