സ്വര്‍ണക്കള്ള കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ
സ്വര്‍ണക്കള്ള കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ കേരളത്തിലുള്ള കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇഡിയുടെ ആവശ്യം.
നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും അതിനാല്‍ ഇനി കേരളത്തില്‍ കേസ് നടത്താനാകില്ലെന്നും ബംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി പറയുന്നു. കേസിന്റെ മുഴുവനായ നടത്തിപ്പും കേരളത്തിന് പുറത്തേക്ക് മാറ്റണം.
ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സർക്കാർ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.