സ്വർണക്കടത്ത് : അന്വേഷണ ഏജൻസികൾ ഇരുട്ടിൽ തപ്പുന്നു
സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അഞ്ച് മാസം പിന്നിട്ടിട്ടും കേന്ദ്ര ഏജൻസികൾക്ക് പ്രിയം ഇരുട്ടിൽതപ്പൽ തന്നെ. വൈരുധ്യം നിറഞ്ഞ വാദമുഖം നിരത്തിയും കോടതികളുടെ സംശയങ്ങൾക്ക് മറുപടി നൽകാതെയുമാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്. കേസിന്റെ രാജ്യാന്തരബന്ധം, സ്വർണത്തിന്റെ ഉറവിടം, പണത്തിന്റെ സ്രോതസ് തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും ഒരു നിഗമനത്തിലെത്താൻ ഇവർക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു കൂട്ടർ കോടതിയിൽ പറയുന്നതിന് വിരുദ്ധമായാണ് മറ്റൊരു ഏജൻസി റിപ്പോർട്ട് നൽകുക. സ്വപ്‌നയുടെ ലോക്കറിൽനിന്നും കണ്ടെടുത്ത ഒരു കോടിയുടെ സ്വർണം കടത്ത് വിഹിതമെന്നാണ് എൻഐഎയും കസ്‌റ്റംസും പറയുന്നത്.
ഇഡിക്ക് ഇത് കോഴപ്പണമാണ്. പിന്നെയത് എം ശിവശങ്കറിനുള്ളതെന്നുവരെയായി. ഇതിൽ ഏതാണ് ശരിയെന്ന് അറിയാൻ പുതിയ ഏജൻസി വരേണ്ട അവസ്ഥയാണ് ഇപ്പോൾ. തങ്ങളെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ചെറുക്കാൻ കസ്‌റ്റംസും തടയിട്ടു. അതിനായി അവർ ഇഡിയുടെ മേലും ഒരു സംശയനിഴൽ ചാർത്തിയിട്ടുണ്ട്.ഇതിനിടയിൽ ആണ് ഇഡി അവതരിപ്പിച്ച സ്വപ്‌നയുടെ മൊഴിയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. കസ്‌റ്റംസിനോട് എം ശിവശങ്കറിനെതിരെ തെളിവ്
ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ഏജൻസി ഹാജരാക്കിയ മൊഴിയിൽ കോടതി സംശയം പ്രകടിപ്പിക്കുകയും മറ്റൊരുകോടതി കൂടി തെളിവ് ചോദിക്കുകയും ചെയ്യുന്നത് സാധാരണ സംഭവമല്ല. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്‌ട്രീയനയം ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിന്റെ ഗതിമാറിയത്.
ലൈഫ് , കിഫ്‌ബി തുടങ്ങിയ കേരളത്തിന്റെ അഭിമാന പദ്ധതികളെ വിവാദത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതിൽ സിബിഐയെ ഹൈക്കോടതിയും, ഇഡി നീക്കത്തിനെ റിസർവ് ബാങ്കും നിലയ്‌ക്ക് നിർത്തി.
അതേസമയം, കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ ചൊദ്യം ചെയ്യുന്നത് വിലക്കി കേസന്വേഷണം ശരിയായ ദിശയിലേക്ക് എത്തരുത് എന്ന വാശിയിലാണ് കേന്ദ്രം. അതുകൊണ്ട് തന്നെ പല പ്രതികളും ഇതിനോടകം ജാമ്യംകിട്ടി പുറത്തിറങ്ങി. സ്വപ്‌നയെയും സരിത്തിനെയും കരുതൽ തടങ്കലിലാക്കേണ്ട സ്ഥിതിയുംവന്നു. വിദേശത്തേക്ക് കടന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഒരു തെളിവും ഈ നിമിഷംവരെ ഇവർ കണ്ടെത്തിയിട്ടുമില്ല. നമ്മുടെ അന്വേഷണ ഏജൻസികൾ എന്തേ ഇങ്ങനെയായി എന്ന് ആരെങ്കിലും പരാതിപറഞ്ഞാൽ തെറ്റുപറയാനാകില്ല എന്നതാണ് സത്യം.