LOCAL NEWS
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോകൽ പുഴയിൽ ചാടിയത് കാണാതായ യുവാവെന്ന് സംശയം
കടലൂർ നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദിന്റേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിൽനിന്ന് ജൂലൈ 16 ന് രാത്രിയിൽ ചുവന്ന കാറിൽനിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയതായി നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തിയിരുന്നു. കേസിൽ കസ്‌റ്റഡിയിലുള്ള ഒരാളും ഇത്തരത്തിൽ മൊഴിനൽകിയതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മൽ ഇർഷാദിനെയാണ് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ യുവാവ് നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇർഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കൽ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂൺ ഏഴിന് കാണാതായ മേപ്പയ്യൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്(36) ആണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ഡിഎൻഎ പരിശോധനാഫലം ബുധനാഴ്‌ചയാണ് പൊലീസ് കൈപ്പറ്റിയത്. മൃതദേഹം ദീപക്കിന്റേതല്ലെന്നാണ് പരിശോധനാഫലം. ഇതോടെയാണ് മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇർഷാദിന്റെ ബാപ്പയുടെയും ഉമ്മയുടെയും ഡിഎൻഎ സാമ്പിൾ അടുത്ത ദിവസം പരിശോധിക്കും.
പേരാമ്പ്ര എഎസ്‌പി ടി കെ വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സിഐ സുഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷക സംഘമാണ് ബുധനാഴ്ച ഉച്ചയോടെ പുറക്കാട്ടിരിയിലെത്തി തെളിവെടുത്തത്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. കേസിൽ മുഖ്യപ്രതിയായ ഇയാൾ ദുബായിലാണ്. സാലിഹിന്റെ സഹായി കണ്ണൂർ പിണറായി മർഹബയിൽ മർസീദ് അറസ്റ്റിലാണ്. മറ്റൊരു പ്രതി പന്തിരിക്കരയിലെ തറവട്ടത്ത് ഷെമീറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചോദ്യംചെയ്യാനായില്ല. യുവാവ് പുഴയിൽ ചാടിയതോടെ തട്ടിക്കൊണ്ടുപോയവർ കാറുമായി രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. പ്രദേശത്തെ ചില നിരീക്ഷണ ക്യാമറകളിൽ പ്രതികൾ സഞ്ചരിച്ച വാഹനം കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ടതായി പറയുന്നവരിൽനിന്നും പൊലീസ് മൊഴിയെടുത്തു.
Comments