CRIME

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 13 എടിഎമ്മുകളിൽ നിന്ന് പണം തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 13 എടിഎമ്മുകളിൽ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുബാറക് ആണ് ഇടപ്പള്ളിയിൽ നിന്ന് പിടിയിലായത്. എടിഎമ്മിൽ കൃത്രിമം നടത്താനുപയോഗിച്ച ഉപകരണവും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

ഓഗസ്റ്റ് 18ന് പകലും രാത്രിയുമാണ് കളമശേരി പ്രീമിയർ കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്ന് ഏഴ് പേർക്ക് പണം നഷ്ടമായത്. എ ടിഎമ്മിന്റെ പണംവരുന്ന ഭാഗത്ത് പേപ്പർ വച്ച് തടസപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സ്കെയിൽ പോലെയുള്ള ഉപകരണമാണോ ഇയാൾ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. ഇടപാടുകാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലഭിക്കാതെ വരികയും തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്. ഓരോ ഇടപാടുകാർ എ ടി എമ്മിൽ കയറുന്നതിന് മുൻപും ഇയാൾ കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പിന്നീട് ഇവർ ഇറങ്ങുമ്പോൾ തിരികെ കയറി പണം എടുക്കുകയും ചെയ്യും. മെഷീനിന്റെ തകരാറ് മൂലം പണം ലഭിക്കാത്തതെന്നാണ് ഇടപാടുകാർ കരുതുന്നത്.

കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ ടിഎമ്മുകളിൽ നിന്ന് ഇയാൾ 25,000 രൂപ തട്ടിയതായി പൊലീസ് പറയുന്നു. പണം നഷ്ടമായതിനെ തുട‌ർന്ന് ഇടപാടുകാർ ബാങ്കിൽ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കിൽ വിളിച്ച് പരാതി പറഞ്ഞത്.

കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനർജി റോഡ് എന്നിവിടങ്ങളിലെ എ ടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി സി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. മോഷണരീതി ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button