കോഴിക്കോട് അയല്‍വാസികള്‍ മരിച്ച നിലയില്‍; ദുരൂഹത

കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്കനെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഈന്തുള്ള തറയിൽ വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

അതേസമയം, കായക്കൊടിയില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ടതിന് പരിസരത്ത് അയല്‍വാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാബുവിന്‍റെ അയല്‍വാസിയായ രാജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്.

ബാബുവിന്‍റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുക്കാല്‍ ഭാഗം വേര്‍പ്പെട്ട നിലയിലാണ്. വയറില്‍ കുത്തേറ്റ് കുടല്‍ പുറത്തായ നിലയിലുമാണ്. രാവിലെ എട്ടു മണിയോടെ ഭാര്യയാണ് ബാബുവിന്‍റെ മൃതദേഹം കണ്ടത്. പൊലീസ് എത്തി പരിശോധന നടത്തുന്നതിനിടെയാണ് അയല്‍വീടിന്‍റെ പിറകു വശത്ത് വിറകു പുരയില്‍ രാജീവനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊട്ടില്‍പാലം പൊലീസ് അന്വേഷണം തുടങ്ങി. പ്രവാസിയായിരുന്ന ബാബു ഹോട്ടല്‍ തൊഴിലാളിയാണ്. രാജീവന്‍ ഓട്ടോ ഡ്രൈവറാണ്.

Comments

COMMENTS

error: Content is protected !!