KERALAUncategorized

സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു

സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രി  വീണ ജോർജ്ജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സർക്കാർ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങളിലും (16) ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദന(632)ങ്ങളിലുമായി 29767 പേരെ താമസിപ്പിക്കാൻ സാധിക്കും. രണ്ടിടങ്ങളിലുമായി 17801 പേരാണ് നിലവിൽ താമസക്കാർ. ഈ രണ്ടിടങ്ങളും ആശുപത്രികളിൽ അനാഥരാക്കപ്പെടുന്നവരെക്കൂടി പുനരധിവസിപ്പിക്കാൻ ഉപയുക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽനിന്നും വൃദ്ധസദനങ്ങളിലേക്ക് മാറ്റുന്ന അനാഥരായ വയോജനങ്ങൾ കിടപ്പുരോഗികളാണെങ്കില്‍ അവരെ സൗകര്യമുള്ള വൃദ്ധമന്ദിരങ്ങളിലേക്ക് മാറ്റും. സർക്കാർ വൃദ്ധസദനങ്ങളിൽ സൗകര്യമുണ്ടെങ്കിൽ അവിടെ പുനരധിവസിപ്പിക്കും. അല്ലാത്ത പക്ഷം സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളൂം ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ അംഗീകാരമുള്ള മറ്റു വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും – മന്ത്രി പറഞ്ഞു.

ആശുപത്രികളിൽ നിന്നും ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോൾ ആശുപത്രി രേഖകളും ചികിത്സാസംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണം. ആശുപത്രികളിൽനിന്ന് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും സ്ഥാപനമേധാവിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടാക്കും. രേഖകളുടെ അസ്സൽ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. പകർപ്പുകൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് കൈമാറും. സ്ഥാപനമേധാവികൾ ഓർഫനേജ് കൺട്രോൾ ബോർഡിനും ആവശ്യമായ വിവരങ്ങൾ നൽകണം – മന്ത്രി നിർദ്ദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button