CALICUTDISTRICT NEWS
സർക്കാർ പ്രഥമ പരിഗണന നൽകുന്നത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ – മന്ത്രി ടി.പി രാമകൃഷ്ണൻ
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ. വിലങ്ങാട് പാരിഷ് ഹാളിലെ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങളും പ്രദേശത്തെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. അപകട സാധ്യത മനസ്സിലാക്കിയാണ് കൂടുതൽ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
മുഴുവൻ ക്യാമ്പുകളിലും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിമിതികളുണ്ടെങ്കിലും ക്യാമ്പിലെ സൗകര്യങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
വെള്ളം കുറയുന്നതിനനുസരിച്ച് ശുചീകരണ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹായവും ശുചീകരണ പ്രവർത്തികൾക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രോഗങ്ങൾ പിടിപെട്ടാൽ അധികൃതരോട് തുറന്നുപറയണം. ദുരിതബാധിതർക്ക് മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നൽകാനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേർന്ന ശേഷം ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ പ്രഖ്യാപിക്കും. മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. പരാതികൾ ഉള്ളവർ നേരിട്ട് അതാത് വില്ലേജ് ഓഫീസർമാർക്ക് കൈമാറണം. പരാതികൾ പരിശോധിച്ചശേഷം നടപടി സ്വീകരിക്കും.
വിലങ്ങാട് സെന്റ് ജോർജ്ജ് പള്ളി പാരിഷ് ഹാളിലെ ക്യാമ്പിൽ ഇരുന്നൂറോളം പേരാണ് ഉള്ളത്. പാലൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ ക്യാമ്പിൽ എൺപതോളം ആളുകളും കുറ്റൂർ സേവാ മന്ദിരത്തിലെ ക്യാമ്പിൽ 25 ഓളം കുടുംബങ്ങളും ആണ് നിലവിൽ ഉള്ളത്.
ഉരുൾപൊട്ടലിൽ മരിച്ച ലിസിയുടെ ബന്ധുക്കളെയും മന്ത്രി സന്ദർശിച്ചു.
നാല് പേരാണ് വിലങ്ങാട് ഉരുൾപൊട്ടലിൽ മരിച്ചത്. നാദാപുരം എം.എൽ.എ ഇ.കെ വിജയൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments