ഹയർ സെക്കൻഡറി പ്രവേശനത്തിൽ ഗ്രേസ് മാർക്ക് പരിഷ്കരിക്കാൻ സാധ്യത

ഒരു വിദ്യാർഥിക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിൽ പരമാവധി 30 മാർക്ക് ലഭ്യമാവുന്നതരത്തിൽ ഗ്രേസ് മാർക്ക് പരിഷ്കരിക്കാൻ സാധ്യത. ഈ വർഷം ഗ്രേസ് മാർക്ക് നൽകുമെന്ന് സ്കൂൾ തുറക്കുന്നതിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച അധ്യാപകസംഘടനകളുടെ യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉത്തരവ് ഉടനിറങ്ങും.

ഗ്രേസ് മാർക്കിന് ഏകീകൃതസ്വഭാവം കൊണ്ടുവരും. പലതട്ടിൽ ആനുകൂല്യം ലഭിക്കുന്നതിനുപകരമായി ഒറ്റത്തവണയായി പരിമിതപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എഴുത്തു പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും വെവ്വേറെ രേഖപ്പെടുത്തുന്ന രീതിയും ഈ വർഷം നടപ്പിലാക്കും.

90 ശതമാനം മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് ഉണ്ടാവില്ലെന്ന് പരീക്ഷാ മാന്വൽ പരിഷ്കാരത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. വിദ്യാർഥികൾക്ക് വാരിക്കോരി ഗ്രേസ് മാർക്ക് നൽകുന്നതിനുപകരം നിശ്ചിതശതമാനം ലഭ്യമാവുന്ന തരത്തിലാവും പുതിയ പരിഷ്കാരം.

ഹയർ സെക്കൻഡറിയിൽ മെറിറ്റ് സീറ്റുകളിൽ പ്രവേശനം പൂർത്തിയായ ശേഷമേ സാമുദായികക്വാട്ടകളും മറ്റും പരിഗണിക്കാവൂവെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Comments

COMMENTS

error: Content is protected !!