ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രത ബ്രിഗേഡുകള്‍ക്ക് രൂപം നല്‍കും: കെ.കെ രമ എം.എല്‍.എ

ലഹരി മാഫിയക്കെതിരെ എല്ലാ സ്‌കൂളുകളിലും ജാഗ്രത ബ്രിഗേഡുകള്‍ക്കു രൂപം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ.കെ.രമ എം.എല്‍.എ. എം.എല്‍.എ യുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ എന്‍.എം.എം.എസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ഇടങ്ങളിലും ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. ലഹരിക്കെതിരായ ബോധവല്‍ക്കരണവും പ്രതിരോധവും കേവലം ചടങ്ങുകള്‍ മാത്രമാകുന്നതിനു പകരം എല്ലാവരും ഒറ്റകെട്ടായി ലഹരിക്കെതിരായ പോരാട്ടം നടത്തണം. ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവു നേടുന്നത് കൂടെയായിരിക്കണം വിദ്യാഭ്യാസമെന്നും കെ.കെ രമ എം.എല്‍.എ പറഞ്ഞു.

വടകര മണ്ഡലത്തില്‍ നിന്ന് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഉപഹാര വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദീപ് രാജ് അധ്യക്ഷനായി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ.ശശികുമാര്‍ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. വൈബിന്റെ പ്രവര്‍ത്തകരായ എം.സി പ്രമോദ്, കെ.സജീവന്‍, എം.എന്‍ പ്രമോദ്, ഇസ്മായില്‍ പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!