ഹരിതകേരളം മിഷൻ അവാർഡുമായി ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത്‌

കൊയിലാണ്ടി: വികസനത്തിന്റെ പുതിയ അധ്യായം രചിച്ച ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ ഹരിത കേരള മിഷൻ അവാർഡ് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയിലാണ് ചേമഞ്ചേരിയെ തിരഞ്ഞെടുത്തത്. മൂന്നുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് അവാർഡ്.

 

ജലസംരക്ഷണം, ശുചിത്വം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയവയിൽ പഞ്ചായത്ത് കൈവരിച്ച നേട്ടത്തിനുള്ള അംഗീകാരമായാണ് അവാർഡ്. തരിശ്ശായി കിടന്ന 70 ഏക്കർ സ്ഥലം കൃഷി യോഗ്യമാക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അശോകൻ കോട്ടും വൈസ് പ്രസിഡന്റ് ഷീബ വരേക്കലും പറഞ്ഞു. നെൽക്കൃഷിവ്യാപനത്തിന് ഉയർന്ന പരിഗണനയാണ് നൽകിയത്. ഇതുകാരണം 210 ക്വിന്റൽ നെല്ല് കൂടുതൽ ഉത്‌പാദിപ്പിക്കാനായി. വീടുകളിലും പറമ്പുകളിലും പച്ചക്കറിക്കൃഷി വിപുലപ്പെടുത്താൻ 23,280 മൺചട്ടികൾ നൽകി. ഗ്രോബാഗുകൾക്ക് പകരമായാണ് മൺചട്ടികൾ നൽകിയത്. ഇത് ഏറെ പ്രശംസയ്ക്ക് കാരണമായി. കടലോരത്തെ തരിശുനിലത്തിൽ കടല കൃഷിചെയ്തു. ജൈവകൃഷിക്ക് പ്രോത്സാഹനം നൽകി. ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, കുറ്റിക്കുരുമുളക്, പ്ലാവ്, മാവ്, വാഴക്കുല എന്നിവ ഇടവിളകൃഷിയായി ചെയ്തു. 2500 ക്വിന്റൽ പച്ചക്കറി അധികമായി ഉത്‌പാദിപ്പിച്ചു. പശു, ആട്, പോത്ത് വളർത്തലിന് മികച്ച പരിഗണന നൽകി. ഒട്ടേറെപ്പേർക്ക് പോത്ത്, ആട് കുട്ടികളെ വളർത്താൻ നൽകി. വീട്ടമ്മമാർക്ക് കോഴിവളർത്തലിന് എല്ലാ സഹായങ്ങളും നൽകി. ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മിക്ക കുളങ്ങളും നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ജലസ്രോതസ്സുകളും നീർത്തടങ്ങളും സംരക്ഷിക്കാനും നടപടി സ്വീകരിച്ചു. പാറക്കുളം, മേപ്പായിക്കുളം, പാത്തിക്കുളം, ഇരുവിലാടത്ത്കുളം, കൃഷ്ണകുളം എന്നിവ പുനരുജ്ജീവിപ്പിച്ചു. സ്വർണക്കുളം, തറയിൽക്കുളം എന്നീ രണ്ട് പുതിയ കുളങ്ങൾ നിർമിച്ചു.

 

വീടുകളിലെ ജൈവ, അജൈവമാലിന്യം കുറ്റമറ്റ രീതിയിൽ സംരക്ഷിക്കാനും നടപടിയെടുത്തു. ജൈവ മാലിന്യം സംസ്‌കരിക്കാൻ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യനിർമാർജനത്തിന് നടപടിയെടുത്തു. ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിൽ പൈപ്പ് കമ്പോസ്റ്റ്, കിച്ചൻ ബിൻ കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ചു. ഹരിത കർമസേനയെ ഉപയോഗിച്ച് ഗൃഹമാലിന്യശേഖരണം നടത്തി.

 

2017-’18 വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി ചേമഞ്ചേരി പഞ്ചായത്തിനാണ് ലഭിച്ചത്. 15 ലക്ഷം രൂപ ഇതോടൊപ്പം ലഭിച്ചിരുന്നു. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തിരുന്നു. പഞ്ചായത്ത് ഓഫീസും അതിനൂതനമായ രീതിയിൽ നവീകരിച്ച് കമനീയമാക്കാൻ നടപടി സ്വീകരിച്ചു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരുടെയും സഹകരണം കൊണ്ടാണ് പഞ്ചായത്തിന് വികസനനേട്ടങ്ങൾ കൈവരിക്കാനായതെന്ന് പ്രസിഡന്റ് അശോകൻ കോട്ട് പ്രതികരിച്ചു.

 

Comments

COMMENTS

error: Content is protected !!