CALICUTDISTRICT NEWS
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഒരു കോടി 33 ലക്ഷം രൂപ നൽകും
എലത്തൂർ: എലത്തൂർ റെയിൽവേ അടിപ്പാതയുടെ സമീപന റോഡ് വികസിപ്പിക്കുന്നത് സംബന്ധിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും എച്ച്.പി.സി.എൽ. റീജണൽ മാനേജർ നവീൻ കുമാറും വെള്ളിയാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാർപ്രകാരം ഒരു കോടി മുപ്പത്തിമുന്ന് ലക്ഷം രൂപ റോഡ് വികസനത്തിന് എച്ച്.പി.സി.എൽ. നൽകും. ഒമ്പത് മാസത്തിനുള്ളിൽ സമീപനറോഡ് വികസനം പൂർത്തിയാക്കും. നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനാണ് ധാരണ.
പെട്രോളിയം ഉത്‌പന്നങ്ങൾ കൊണ്ടുവരുന്ന ഗുഡ്സ് വാഗണുകൾ എലത്തൂർ റെയിൽവേ ലെവൽ ക്രോസിൽ മണിക്കൂറുകളോളം നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ ഇവിടെ അടിപ്പാതനിർമിച്ചത്.
അടിപ്പാത നിർമിച്ചിട്ട് നാലുവർഷത്തിലേറെയായെങ്കിലും ഫണ്ടില്ലാത്തത് കാരണം സമീപന റോഡ് സജ്ജമാക്കിയിരുന്നില്ല. നാട്ടുകാർ ഇവിടെ ചെമ്മൺപാതയൊരുക്കിയാണ് താത്‌കാംലിക പരിഹാരം കണ്ടത്.
ഈ പാതയാണ് സമീപനറോഡായി വികസിപ്പിക്കുക. ധാരണപത്രം കൈമാറുന്ന ചടങ്ങിൽ നഗരസഭാ സൂപ്രണ്ടിങ്ങ് എൻജിനിയർ ജലജ മണി, കൗൺസിലർ കൃഷ്ണൻ കലാരം കെട്ടിൽ, എച്ച്.പി.സി.എൽ. ഡിപ്പോ മാനേജർ അനിമോൻ എന്നിവർ പങ്കെടുത്തു.
ധാരണപത്രം ഒപ്പുവെക്കുന്നതിന് കാരണമായ ജനകീയ ഇടപെടലുകളുടെ നാൾവഴി ഇങ്ങനെ
1980-ൽ എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോ വന്നതോടെയാണ് ഇവിടെ ഗതാഗതക്കുരുക്ക് തുടങ്ങിയത്. പ്രധാന റെയിൽപാളത്തിൽ എത്തുന്ന പെട്രോളിയം വാഗണുകൾ രണ്ട് ഭാഗങ്ങളാക്കി ഓയിൽ ഷണ്ടിങ്ങിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഓയിൽ സൈഡിംങ് ട്രാക്കിലേക്ക് മാറ്റുന്ന സമയത്ത് റെയിൽവേ ലെവൽ ക്രോസ് ദീർഘനേരം അടച്ചിടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം.
ഇതിന് പരിഹാരമായി എം.കെ. രാഘവൻ എം.പി.യുടെയും ജനകീയ കമ്മിറ്റിയുടെയും ഇടപെടലിനെത്തുടർന്ന് യു.ഡി.എഫ്. സർക്കാരാണ് ഒരുകോടി എഴുപത് ലക്ഷം രൂപാ ചെലവിൽ റെയിൽവേ അടിപ്പാത നിർമിച്ചത്. എന്നാൽ അടിപ്പാതയെ ബന്ധിപ്പിക്കാൻ സമീപന റോഡില്ലാത്തത് വീണ്ടും പ്രതിസന്ധി തീർത്തു. ഒടുവിൽ പ്രദേശവാസികൾ വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ച് നാട്ടുകാർ തന്നെ താത്‌കാലിക ചെമ്മൺ പാത നിർമിക്കുകയായിരുന്നു.
പെട്രോളിയം ടാങ്കുകൾ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി, കർമസമിതി നടത്തിയ സമരത്തെത്തുടർന്നാണ് സമീപന റോഡിന് ഫണ്ട് നൽകാമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ അധികൃതർ സമ്മതിച്ചത്. ഇതിനായി ഒരു കോടി മുപ്പത്തി മുന്നു ലക്ഷം രൂപ നൽകാമെന്ന് കളക്ടറുടെയും എം.കെ. രാഘവൻ എം.പി.യുടെയും സാന്നിധ്യത്തിൽ പെട്രോളിയം കോർപ്പറേഷൻ അന്ന് ഉറപ്പ്നൽകുകയായിരുന്നു.
Comments