ഹൂതി വിമതരുടെ തടവിൽ നിന്ന് രക്ഷപ്പെട്ട മൂട്ടപ്പറമ്പിൽ ദീപാഷിന്റെ വീട്, ബി ജെ പി സംഘം സന്ദർശിച്ചു
കൊയിലാണ്ടി: ഹൂതി വിമതരാല്‍ ബന്ധിയാക്കപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി യമന്‍ അതിര്‍ത്തിയില്‍ തടവിലായിരുന്ന മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദീപാഷിനെ വീട്ടിലെത്തി ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ. വി കെ സജീവൻ സന്ദര്‍ശിച്ചു. യു എ ഇ ചരക്കു കപ്പല്‍ ജീവനക്കാരനായ ദീപാഷ് ഉള്‍പ്പെടെ പതിനൊന്നു പേരെയായിരുന്നു ഹൂതി സംഘം ബന്ധിയാക്കിയത്. യമന്‍റെ പടിഞ്ഞാറന്‍ തീരമായ അല്‍ഹുദക്ക് സമീപത്ത് നിന്നും കഴിഞ്ഞ ജനുവരിയില്‍ ബന്ധിയാക്കിയ പതിനൊന്നു പേരേയും ഏതാണ്ട് നൂറ് കിലോമീറ്റര്‍ ചെറുബോട്ടില്‍ കൊണ്ടുപോയി ഒരു കെട്ടിടത്തില്‍ അടച്ചിടുകയായിരുന്നു.
ഇന്ത്യക്കാരാണെന്നറിഞ്ഞതോടെ മറ്റ് ശാരീരിക പീഢനങ്ങള്‍ ഇല്ലാതായെന്ന് ദീപാഷ് പറഞ്ഞു. പക്ഷേ ബന്ധപ്പെടാന്‍ ഔദ്യോഗിക ഗവണ്‍മെന്‍റ് ഇല്ലാത്തത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. യമന്‍ എംബസിയുമായും, ജിബൂട്ടി എംബസിയുമായും ബന്ധിപ്പിച്ച് വിദേശകാര്യമന്ത്രാലയം നടത്തിയ സമര്‍ത്ഥമായ ഇടപെടലുകൾ മോചനത്തിന് കാരണമായതായി സജീവൻ അവകാശപ്പെട്ടു. കാത്തിരിപ്പിനൊടുവില്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രാര്‍ത്ഥനയുടേയും പരിശ്രമത്തിന്‍റേയും ഫലമായി ദീപാഷ് തിരിച്ചെത്തിയതിലുളള അതിയായ സന്തോഷവും സജീവന്‍ പങ്കുവെച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് മധു പുഴയരികത്ത് കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി മണ്ഡലം ട്രഷറര്‍ നാഗത്ത് നാരായണന്‍,പി സി കുഞ്ഞിരാമൻ, രാജേഷ് ചാത്തോത്ത് , വി കെ സജീഷ്,ജയൻ പാലച്ചുവട് തുടങ്ങിയവരും സജീവനോടൊപ്പമുണ്ടായിരുന്നു.