ഹോട്ടലുകളില്‍ നിന്ന് മോശം ഭക്ഷണം ലഭിച്ചാൽ പരാതി അറിയിക്കാനുള്ള പോര്‍ട്ടല്‍ ഉടനെ നിലവില്‍ വരുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഹോട്ടലുകളില്‍ നിന്ന് മോശം ആഹാരമാണ് ലഭിക്കുന്നതെങ്കില്‍ അത് അറിയിക്കാനുള്ള പോര്‍ട്ടല്‍ ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷണത്തിന്റെ ഫോട്ടോയോ അല്ലെങ്കില്‍ വീഡിയോയോ സഹിതം പരാതി നല്‍കാമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീന്‍ റേറ്റിംഗ്’ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മൊബൈല്‍ ആപ്പും താമസിയാതെ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. സുരക്ഷിതമായി ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അറിയാന്‍ ഈ ആപ്പ് സഹായകമാകും. പരാതി ലഭിച്ചാൽ മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളെ കുറിച്ചുള്ള വിവരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി ലൈസന്‍സ് റദ്ദ് ചെയ്യിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പൂട്ടിയ ഭക്ഷണശാലകള്‍ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കും. ഒരു വര്‍ഷം 12 ലക്ഷം രൂപ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ലൈസന്‍സും അതില്‍ കുറവുള്ളവര്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.