ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്ന രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട്: ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തിയിരുന്ന രണ്ടുപേര്‍ പിടിയിലായി. മാത്തോട്ടം സ്വദേശി സജാദ് , നടുവട്ടം എന്‍.പി. വീട്ടില്‍ മെഹറൂഫ്  എന്നിവരെയാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഡന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഇ. മനോജ്, പന്നിയങ്കര സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, സബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി.പി.ഒ. പി. ജിനീഷ്, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 210 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രധാനമായും പെണ്‍കുട്ടികളെയും യുവതലമുറയെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിലെത്തിക്കുന്നത്. ഗോവയില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകള്‍ കൊണ്ടുവരുന്നത്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപയായിരുന്നത് എം.ഡി.എം.എ. ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.
Comments

COMMENTS

error: Content is protected !!