ഹോട്ടല്‍ ഉടമയുടെ പാതിരാ കൊലപാതകം നടുക്കം വിട്ടുമാറാതെ കണ്ണൂർ

പയ്യാമ്പലത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനടുത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീറിനെ കൊന്നത് എന്തിനെന്ന് ആർക്കും ഒരു പിടിയുമില്ല.
അര്‍ധരാത്രി ഹോട്ടലില്‍നിന്ന് തായത്തെരുവിലെ വീട്ടിലേക്കുള്ള വഴിയില്‍, ആയിക്കര മീന്‍ മാര്‍ക്കറ്റിനടുത്ത പാലത്തിന് സമീപത്ത് വെച്ചാണ് ജസീര്‍ കൊല്ലപ്പെട്ടത്. മീന്‍ മാര്‍ക്കറ്റില്‍ അപ്പോഴും ആള്‍ക്കാരുണ്ടായിരുന്നു. ജസീറിന്റെ കാര്‍ പാലത്തിനടുത്ത് നിര്‍ത്തിയിരുന്നു. കാറില്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു.

കാര്‍ നിര്‍ത്തിയിട്ടത് സംബന്ധിച്ച് രണ്ടുപേരുമായി തര്‍ക്കം നടന്നു. സംസാരിക്കുന്നതിനിടയില്‍ ഒരാള്‍ കത്തിയെടുത്ത് ജസീറിന്റെ ഇടനെഞ്ചില്‍ കുത്തി. ജസീര്‍ അവിടെത്തന്നെ കുഴഞ്ഞുവീണു. നിലവിളികേട്ട് മാര്‍ക്കറ്റില്‍നിന്നും മറ്റും ആളുകള്‍ ഒത്തുകൂടി. ജസീറിനെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഒരാളെ ഒറ്റക്കുത്തിനങ്ങ് കൊന്നുകളയാൻ മാത്രം എന്ത് പ്രശ്നമുണ്ടായി എന്ന ചോദ്യമുയരുമ്പോൾ, അടക്കിപ്പിടിച്ച ശബ്ദത്തിൽ ചില ഉത്തരങ്ങളും കേൾക്കാം. അതേ അങ്ങിനെയാണിപ്പോൾ കേരളം.

രണ്ടുപേര്‍ ചേര്‍ന്നാണ് കുത്തിയതെന്നും അവര്‍ ഓടിപ്പോയെന്നും കാറിലുണ്ടായിരുന്ന ആള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ ഒടിപ്പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കണ്ടു. തൊട്ടടുത്ത് മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി അവരെ വിളിച്ചുണര്‍ത്തി ദൃശ്യങ്ങള്‍ കാണിച്ചു. ഇവരെ മുഖപരിചയമുണ്ടെന്നും തൊട്ടടുത്ത് ചീട്ടുകളി ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന മുറിയില്‍ ഇവര്‍ എത്താറുണ്ടെന്നും ചിലര്‍ സൂചന നല്‍കി.
സ്ഥലത്ത് തടിച്ചുകൂടിയ ചിലരും പോലീസിന് ചില വിവരങ്ങള്‍ നല്‍കി.

പ്രതികളെന്ന് സംശയിക്കുന്ന റബീഹിന്റെ വീട്ടിലെത്തിയപ്പോള്‍, സി.സി.ടി.വി.യില്‍ കണ്ട അതേ വേഷത്തിലായിരുന്നു അയാള്‍. അയാളെ കൈയോടെ പിടികൂടി. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയായ ഹനാനെയും പിടികൂടി. രണ്ടുമണിക്കൂര്‍ കൊണ്ടുതന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചു. ഉച്ചതിരിഞ്ഞ് പ്രതികളെ സ്ഥലത്തെത്തിച്ച് സിറ്റി ഇന്‍സ്‌പെക്ടര്‍ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്തെത്തി ഫൊറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്തൊകെ തെളിവുകൾ ശേഖരിച്ചാലും ഓർക്കാപ്പുറത്ത് ഒരു സാധു മനുഷ്യനെ കൊന്നു തള്ളിയതിൻ്റെ ഞെട്ടലിൽ നിന്ന് കണ്ണൂരുകാർ ഇനിയും മോചിതരായിട്ടില്ല.

Comments

COMMENTS

error: Content is protected !!