Uncategorized

പി എഫ് ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങിയതോടെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിര്‍ദേശിച്ചിട്ടുണ്ട്.

പിഎഫ്ഐയുടെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ആവശ്യപ്പെട്ടു. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം കൂടുതലുള്ള കര്‍ണാടക, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളോട് മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേക നിര്‍ദേശവും നല്‍കി.
ഇതിനിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിഎഫ്‌ഐയുടെ ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പോപ്പുലര്‍ഫ്രണ്ടിന്റെ പ്രധാനപ്പെട്ട ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു. കേരളത്തിലും പിഎഫ്‌ഐ ശക്തി കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഫീസുകളിലേക്ക് ആളുകള്‍ എത്തരുതെന്നാണ് പോലീസിന്റെ നിര്‍ദേശം. അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സെക്രട്ടറി,ഡിജിപിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്ക് ശേഷമാകും ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള നടപടകളിലേക്ക് പോലീസ് കടക്കുക.

ഇതിനിടെ എറണാകുളത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ ശക്തി കേന്ദ്രമായ ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചു. പിഎഫ്‌ഐക്കെതിരായ റെയ്ഡില്‍ അവര്‍ ചില ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താകും ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button