മോട്ടോർ വാഹന വകുപ്പിന്റെ ‘വിദ്യ വാഹൻ’ ആപ്പ് ;സ്കൂൾ വാഹനത്തിന്‍റെ വേഗവും ദിശയും ഇനി രക്ഷിതാക്കൾക്കും അറിയാം

മക്കളുടെ സ്കൂൾ ബസ് എവിടെയെത്തിയെന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ ‘വിദ്യ വാഹൻ’ ആപ്പ്. സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസിന്റെ വേഗം അടക്കമുള്ള വിവരങ്ങളും ഇനി രക്ഷിതാകൾക്ക് മൊബൈലിലൂടെ അറിയാനാകും. ‘വിദ്യ വാഹൻ’ ആപ്പ് ഉപയോഗിച്ച് സ്കൂൾ ബസ് ട്രാക്ക് ചെയ്യുന്നതിനോടൊപ്പം, അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയേയും നേരിട്ട് വിളിക്കാനും സൗകര്യമുണ്ട്.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. രക്ഷിതാക്കൾക്ക് പൂർണ്ണമായും സൗജന്യമായാണ് ആപ്പ് നൽകുന്നത്. ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താവുന്നതാണ്.

വിദ്യാർഥികൾക്കു രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാൻ സാധിക്കും. സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും. 20,000 സ്കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ പതിനാലായിരത്തോളം ബസുകള്‍ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ജിപിഎസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്.

Comments
error: Content is protected !!