ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്
ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ആയുഷ് ഹോമിയോപ്പതി വകുപ്പ് 50ാം വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെ കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി ‘ഹോമിയോപ്പതി എവിഡന്‍സ് ബേസ്ഡ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് & ട്രെയിനിങ്’ (HEART) പദ്ധതി നടപ്പിലാക്കി വരുന്നു. ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ചുമായി കരാറില്‍ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി.
നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങങ്ങില്‍ സിസിആര്‍എച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. സുഭാഷ് കൗഷിക്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഹോമിയോ മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. എ.എസ്. ഷീല, ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.പി. ബീന, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍. സജി, ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍, ഹോമിയോപ്പതി നാഷണല്‍ എക്‌സ്‌പോ, അന്താരാഷ്ട്ര സെമിനാര്‍ എന്നിവ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും എകാരോഗ്യ സങ്കല്പത്തില്‍ അധിഷ്ഠിതമായ ബോധവത്ക്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകള്‍ക്ക് ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കുകയും, ആരോഗ്യ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ കൊണ്ട് ലക്ഷ്യമിടുന്നത് .