ഹോസ്റ്റലിൽ വൈകിയെത്തിയതിന് പുറത്താക്കിയ വിദ്യാർത്ഥിനിക്ക് തെരുവുനായയുടെ ആക്രമണം

കൊച്ചി: വൈകിയെത്തിയെന്ന കാരണം പറഞ്ഞ് ഹോസ്റ്റലിൽ കയറ്റാതിരുന്ന ബിരുദ വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണം. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. ഒരു മിനിറ്റ് മാത്രം വൈകിയെത്തിയെന്ന കാരണത്താലാണ് വാർഡൻ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിദ്യാർഥിനികളുടെ ആരോപണം. 

കെമിസ്ട്രി ഡിപ്പാർട്‌മെന്റിൽ നടന്ന ഫെസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് 6.30ന് ശേഷമാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയത്. 6.31-ന് ഹോസ്റ്റലിൽ എത്തിയെങ്കിലും വാർഡൻ തങ്ങളെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ലെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. ഇതേത്തുടർന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർഥിനികളിൽ ഒരാളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ ആക്രമിച്ചിട്ടും വിദ്യാർഥിനിയെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ വാർഡനോ ഹോസ്റ്റൽ ജീവനക്കാരോ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. പിന്നീട് നാട്ടുകാരും സഹപാഠികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 

സംഭവത്തിൽ പ്രതിഷേധിച്ച്  കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലും വിദ്യാർഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയ. സംഭവത്തിൽ വിദ്യാർഥിനിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Comments
error: Content is protected !!