KERALA
10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി
തിരുവനന്തപുരം /തൊടുപുഴ ∙ സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. മഴയില്ലാത്തതിനാൽ ജലവൈദ്യുത പദ്ധതികളിൽ വെള്ളമില്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. വൈദ്യുതി കിട്ടാനുണ്ടെങ്കിലും കൊണ്ടു വരാൻ ലൈനുകൾ ഇല്ലാത്തതാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം 350 മെഗാവാട്ടിന്റെ കുറവുണ്ടായി. അത് രാത്രി ആയതിനാൽ വലിയ കുഴപ്പമില്ലാതെ പരിഹരിച്ചു – മന്ത്രി പറഞ്ഞു.
വൈദ്യുതിനില അവലോകനം ചെയ്യാൻ 15ന് ഉന്നതതല യോഗം ചേരുന്നുണ്ട്. അപ്പോഴേക്കും മഴ മെച്ചപ്പെടുമെന്നാണു ബോർഡിന്റെ പ്രതീക്ഷ. ഇടയ്ക്കിടെ മഴ ലഭിച്ചാൽ 31 വരെ ഇപ്പോഴത്തെ രീതിയിൽ പോകാം. അതിനു ശേഷവും മഴ ശക്തമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ഇതു മുന്നിൽകണ്ടാണു വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നു മന്ത്രി മുൻകൂട്ടി പ്രഖ്യാപിച്ചത്. പുറത്തു നിന്നു വൈദ്യുതി കൊണ്ടുവരുമ്പോൾ ചെലവേറും. വൈദ്യുതി ഉപയോഗം വർധിക്കുക കൂടി ചെയ്താൽ സ്ഥിതി ഗുരുതരമാകും.
തിരുവനന്തപുരം∙ വൈദ്യുതി നിരക്കു വർധന നിലവിൽ വന്നതിനാൽ ആനുപാതികമായി കൂടിയ നിക്ഷേപത്തുകയും (ഡിപ്പോസിറ്റ്) അടയ്ക്കേണ്ടിവരും. ഉപയോക്താക്കൾക്കു വൈദ്യുതി മുൻകൂറായി നൽകുന്ന സാഹചര്യത്തിൽ അവർ ബോർഡിൽ നിക്ഷേപിക്കേണ്ട സ്ഥിരം തുകയാണിത്. മൂന്നു മാസത്തെ നിരക്കിനു തുല്യമായ തുകയാണു നിക്ഷേപമായി നൽകേണ്ടത്.
മുൻ വർഷത്തെ ബിൽ തുക വച്ചാണ് ഒരു മാസത്തെ ശരാശരി കണക്കാക്കുക. അതിന്റെ മൂന്നിരട്ടിയാണു നിക്ഷേപത്തുക. വൈദ്യുതി നിരക്കു വർധിക്കുമ്പോൾ, ഉപയോക്താവ് അടയ്ക്കേണ്ട നിക്ഷേപത്തുകയും ഉയരും. എല്ലാ മാസവും വൈദ്യുതി ചാർജ് അടയ്ക്കുന്നവർക്ക് (മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ) രണ്ടു മാസത്തെ ബിൽ തുകയ്ക്കു തുല്യമായ സംഖ്യയാണു ഡിപ്പോസിറ്റ്.
Comments