Uncategorized
11 ലക്ഷം ഇടപാടുകാരെ കാത്ത് 158 കോടി രൂപ
തിരുവനന്തപുരം ∙ 2012 ജൂലൈ മുതൽ 2015 ജൂൺ വരെ 11 ലക്ഷം ഇടപാടുകാരിൽ നിന്ന് സേവന നികുതിയായി ഇൗടാക്കിയ 158 കോടി രൂപ തിരിച്ചു നൽകാൻ കെഎസ്എഫ്ഇ. എന്നാൽ, പണം മടക്കിവാങ്ങാൻ ഇടപാടുകാരെത്താത്തതിനാൽ അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി .
മാർച്ചിൽ അവസരം നൽകിയപ്പോൾ 15% പേർ മാത്രമാണ് പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിരുന്നത്. 2012 ജൂലൈ മുതൽ മൂന്നു വർഷം ബജറ്റ് നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ചിട്ടി ഫോർമാൻ കമ്മിഷന്റെ 12% തുക ചിട്ടി പിടിക്കുമ്പോൾ സേവന നികുതിയായി ഇൗടാക്കിയിരുന്നത്.
ചിട്ടിത്തുകയുടെ 5 ശതമാനമാണ് ഫോർമാൻ കമ്മിഷൻ. ഒരു ലക്ഷം രൂപയാണ് ചിട്ടിത്തുകയെങ്കിൽ സേവന നികുതി 600 രൂപയാണ്. ഒരു കോടിയുടെ ചിട്ടിയിൽ ചേർന്നവർ 60,000 രൂപ വരെ നികുതിയായി നൽകിയിരുന്നു. കെഎസ്എഫ്ഇ വഴി സെൻട്രൽ എക്സൈസ് ആണ് നികുതി ഇൗടാക്കിയിരുന്നത്.
സേവന നികുതി ഇൗടാക്കിയത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന ഹൈക്കോടതി വിധി കണക്കിലെടുത്താണ് ഇടപാടുകാരിൽ നിന്ന് അപേക്ഷ വാങ്ങി അതു സാക്ഷ്യപ്പെടുത്തി നികുതി വിഭാഗത്തിനു നൽകാൻ കെഎസ്എഫ്ഇ തീരുമാനിച്ചത്. കേന്ദ്ര ജിഎസ്ടി വിഭാഗമാണ് ഇൗ തുക ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കു മടക്കി നൽകേണ്ടത്.
കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് തുക മടക്കി നൽകാതിരിക്കാൻ ചില ജിഎസ്ടി സർക്കിൾ ഓഫിസുകൾ ശ്രമിക്കുന്നുണ്ട്. ഇത്തരം പരാതികൾ വ്യാപകമായാൽ ഇടപാടുകാർക്കു പണം തിരികെ കിട്ടുന്നുവെന്ന് ഉറപ്പാക്കാനായി ഹൈക്കോടതിയെ സമീപിക്കാനാണ് കെഎസ്എഫ്ഇ ആലോചിക്കുന്നത്.
ഇടപാടുകാർ ചെയ്യേണ്ടത്
പാസ്ബുക്ക്, രസീത് തുടങ്ങി ചിട്ടി സംബന്ധിച്ച് കൈവശമുള്ള രേഖകളുമായി ചിട്ടിയിൽ ചേർന്ന കെഎസ്എഫ്ഇ ശാഖയിൽ എത്തുക.. പാസ് ബുക്ക് ഇല്ലെങ്കിൽ ലഭ്യമായ വിവരങ്ങൾ നൽകിയാൽ ശാഖയിലെ റജിസ്റ്ററുകളിൽ നിന്നു ചിട്ടി വിവരങ്ങൾ ശേഖരിക്കാനാകും.
സമ്മതപത്രത്തിലും അധികാരപത്രത്തിലും ഇൗ വിവരങ്ങൾ രേഖപ്പെടുത്തി ഒപ്പിട്ട് മാനേജർക്കു സമർപ്പിക്കണം. സമ്മതപത്രവും അധികാര പത്രവും ശാഖയിൽ നിന്നും http:ksfe.com/category/news എന്ന ലിങ്കിൽ നിന്നും ലഭിക്കും. തിരിച്ചറിയൽ രേഖയും ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കും ഒപ്പം കരുതണം.
Comments