പുഴവക്കിൽ നിന്നും സർവ്വരോഗ സംഹാരി പദവിയിലേക്ക്
ഒറ്റമൂലി എന്ന നിലയിൽ പെട്ടെന്ന് പ്രശസ്തി നേടിയ സസ്യമാണ് നോനി. മഞ്ഞണാത്തി, കക്കപ്പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്ര നാമം മോറിൻഡ സിട്രിഫോളിയ () റൂബിയേസിയേ (Rubiaceoe) കുടുംബാംഗമാണ്. തീരപ്രദേശങ്ങളിൽ പ്രാചീനകാലംമുതലേ ഇതൊരു പാഴ്‌ചെടിയായി വളർന്നുവന്നിരുന്നു. നേരിയ ഉപ്പുരസമുള്ള മണ്ണിലാണ് സ്വാഭാവിക വളർച്ച.
കുഴൽ രൂപത്തിലുള്ള ചെറിയ വെള്ളപ്പൂക്കൾ മുട്ടുകളിലാണുണ്ടാകുക. പച്ചനിറത്തിൽ കാണുന്ന കായ്കൾ മുതിരുമ്പോൾ മഞ്ഞനിറമാകുകയും മൂക്കുന്നതോടെ വിളറി വെളുത്ത് ചെടിയിൽനിന്ന് കൊഴിഞ്ഞുവീഴുകയും ചെയ്യും. കാലവ്യത്യാസമില്ലാതെ ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യും.
പാകമായ കായ്കളിൽനിന്ന് വിത്ത് രേഖരിക്കാം. വിത്തിനോട് ചേർന്നുള്ള പശപോലുള്ള ആവരണം നീക്കം ചെയ്യാൻ പരുപരുത്ത പ്രതലത്തിൽ ഉരച്ചെടുക്കണം. തുടർന്ന്, വെള്ളത്തിൽ കഴുകിയെടുത്ത് ഇളം വെയിലിൽ ഉണക്കി വിത്തിനായി ഉപയോഗിക്കാം.
നടുന്നതിനുമുമ്പ് വിത്തിന്റെ അഗ്രഭാഗം അൽപ്പം മുറിച്ചുകളഞ്ഞാൽ വിത്ത് എളുപ്പം മുളച്ച് വരും. തണ്ട് മുറിച്ചു നട്ടും എളുപ്പം വേര് പിടിപ്പിച്ച് വളർത്താം.നോനിയുടെ കായ്കൾക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും ഇതിന്റെ ഇലയും പൂവും വേരും എല്ലാം ഏറെ ഔഷധ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്.
പ്രോസിറോനിൻ (Proxeronine) എന്ന രാസവസ്തുവാണ് പ്രധാനമായും നോനിയിലെ ഔഷധഗുണമുള്ള ഘടകം. ഇതിന് പുറമെ ആന്തോ ക്വിനോൺ ( Anthoquinone), ലിനോലിക് ആസിഡ് (Linolic acid), ബീറ്റാ കരോട്ടിൻ സ്കോപ്‌ളെക്ടിൻ ( Scoplectin), ബീറ്റാ സിറ്റാസ്റ്റിറോൾ , പെക്റ്റിൻ (Pectin), വിറ്റാമിൻ ബി വിഭാഗത്തിലെ എല്ലായിനം വിറ്റാമിനുകളും വിറ്റാമിൻ സി, ആന്തോസയാനിൻ (Anthocyanin) എന്നിവയും അടങ്ങിയിട്ടുണ്ട്.