LOCAL NEWS

നന്തിബസാറിലെ പ്ലാന്റിനോടനുബന്ധിച്ചുള്ള ലേബർ ക്യാമ്പ് ആർ.ഡി.ഒ ഇടപെട്ട് നിർത്തിച്ചു.

 

പയ്യോളി: ദേശീയപാത വികസനപ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന അദാനി കമ്പനിയുടെ ഉപകരാറുകാരായ വാഗഡ് ഇൻഫ്രാ പ്രൊജക്ടസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നന്തിബസാറിലെ പ്ലാന്റിനോടനുബന്ധിച്ചുള്ള ലേബർ ക്യാമ്പ് ആർ.ഡി.ഒ ഇടപെട്ട് നിർത്തിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി പ്ലാന്റിനകത്ത് നിന്നും മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയിരുന്നു.

വെള്ളം ഉപയോഗിക്കാൻ കഴിയാതെ നിരവധി പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തു. വീടുകളിലെ കിണറുകളിൽകൂടി മലിനജലം പരന്നതിനെ തുടർന്ന്, സി.പി.എം നേതൃത്വത്തിൽ പള്ളിക്കര റോഡിലുള്ള ശ്രീശൈലം കുന്നിലെ  പ്രവൃത്തിക്കുന്ന വാഗഡ് കമ്പനി പ്ലാന്റ് ഉപരോധിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് ആർ.ഡി.ഒ. ബിജുവിന്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ അടിയന്തരയോഗം ചേരുകയും, ലേബർ ക്യാമ്പ് നിർത്തലാക്കാൻ തീരുമാനിക്കുകയുമായിരുന്നു. മാത്രമല്ല ആയിരം ലിറ്ററിന്റെ ടാങ്കുകൾ 19 വീടുകളിലും സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുവാനും , വിതരണത്തിനുള്ള ചെലവ് വാഗഡ് കമ്പനിയിൽ നിന്ന് ഈടാക്കാനും തീരുമാനമായി.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കൃത്യമായി ഉറപ്പുവരുത്തുന്നതുവരെ പ്ലാന്റിൽ സുരക്ഷജീവനക്കാർ മാത്രമെ ഇനി ഉണ്ടാവുകയുള്ളു. അതിഥി തൊഴിലാളികളായ കമ്പനി ജീവനക്കാരെ മറ്റ് വാസസ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും ധാരണയായി. തുടർന്ന് ആർ.ഡി.ഒയും സംഘവും സ്ഥലത്തെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി. ഇതേ തുടർന്ന് രാവിലെ ഏഴിന് ആരംഭിച്ച ഉപരോധസമരം പതിനൊന്നരയോടെ അവസാനിപ്പിച്ചു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button