ലാലുവിൻ്റെ വത്തക്കകൾ


നന്മണ്ട വയലോരം വീട്ടില്‍ ലാലു പ്രസാദെന്ന മുപ്പത്തിരണ്ടുകാരന്‍ കാര്‍ഷിക പരീക്ഷണത്തില്‍ മാതൃകയാവുകയാണ്. പഞ്ചായത്തിലെ അയിലാടത്ത് പൊയില്‍ വയലില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനി വിളവു ലഭിച്ചു. ഗുണവും മധുരവും കൊണ്ട് ലാലുപ്രസാദിന്റെ തണ്ണിമത്തന് ആവശ്യക്കാരേറെയാണ്. കര്‍ണ്ണാടകയില്‍നിന്ന് കൊണ്ടുവന്ന വിത്താണ് രണ്ടരയേക്കറില്‍ നട്ടത്. വീടിനടുത്ത് വയല്‍ പാട്ടത്തിനെടുത്താണ് കൃഷി.
കഴിഞ്ഞ വര്‍ഷം ചെറിയ തോതില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് ഇത്തവണ കൃഷി വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നല്ല വിളവും ലഭിച്ചതായി ലാലു പറഞ്ഞു. തുടര്‍ച്ചയായ മഴ വിളവെടുപ്പിനെ ആശങ്കപ്പെടുത്തിയെങ്കിലും വലിയ തോതില്‍ ബാധിച്ചിട്ടില്ല.
നാട്ടിന്‍പുറത്തെ ആവശ്യക്കാര്‍ക്കും കടകളിലുമാണ് തണ്ണിമത്തന്‍ വിറ്റഴിക്കുന്നത്. നാടന്‍, ഇറാനിയന്‍ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. രണ്ടിനും നല്ല വിളവ് ലഭിക്കുന്നുണ്ട്. പൂര്‍ണമായും ജൈവ രീതിയാണ് ലാലു ആശ്രയിക്കുന്നത്. പന്ത്രണ്ടോളം പശുക്കളെയും ലാലു പ്രസാദ് വളര്‍ത്തുന്നുണ്ട്. പശുവിന്റെ മൂത്രവും ചാണകവുമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്.
നെല്‍കൃഷിയും ചെയ്യുന്നുണ്ട്. കാലംതെറ്റി വന്ന മഴ നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചതിനാല്‍ വിളവും കുറഞ്ഞു. തണ്ണിമത്തന്‍ കൂടാതെ വാഴ, ഇളവന്‍, മത്തന്‍, വെള്ളരി, കക്കിരി, വെണ്ട, ചീര തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ജില്ലയിലെ രണ്ടാമത്തെ യുവകര്‍ഷകനുള്ള അവാര്‍ഡും ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!