Uncategorized

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കൻ പാതയിലാണ് കേരളം സഞ്ചരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും ശ്രീലങ്കയുടെ വഴിയിലൂടെ തന്നെയാണ് കേരളവും സഞ്ചരിക്കുന്നതെന്നും ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വരവ് ചെലവ് വ്യത്യാസം മൈനസ് മുപ്പതിനായിര ത്തിലെത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണന്നും സംസ്ഥാന ഖജനാവിന് ഏറ്റവും വലിയ പ്രതിസന്ധി കാലമാണ് കടന്നുപോകുന്നത് എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ തന്നെ പേറേണ്ടി വന്നത് വൻ ബാധ്യതയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തിയാണ് കേരളം ഇന്നലെ അവസാനിച്ച സാമ്പത്തിക വർഷത്തെ അക്കൗണ്ട് ക്ലോസ് ചെയ്തത്. ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്.

പുതിയ വർഷം കേന്ദ്ര വിഹിതത്തിലെ കുറവ് അടക്കം കേരളത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. മൂന്നാം തരംഗത്തിലെ ലോക്ഡൗണ്‍ ദിനങ്ങൾ ഇരട്ട പ്രഹരമാണ് സംസ്ഥാന സമ്പദ്  വ്യവസ്ഥക്ക് സമ്മാനിച്ചത്. ബജറ്റ് രേഖകൾ മാത്രം കണക്കിലെടുത്താൽ വരുമാനത്തെക്കാൾ ചെലവ് 31000കോടി രൂപയാണ്. സർക്കാർ പിന്നിട്ട സാമ്പത്തിക വർഷം കടമെടുത്തത് 27000കോടി രൂപയും. അവസാനത്തെ ആഴ്ചയും നാലായിരം കോടി രൂപ കടമെടുത്തിരുന്നു. വരവ് ചെലവ് വ്യത്യാസത്തിൽ കേരളം നേരിട്ടത് വലിയ തിരിച്ചടിയാണ് സമ്പദ് വ്യവസ്ഥയെ ഉലച്ചു കളഞ്ഞത്.

കൊവിഡിലും മറ്റ് വെല്ലുവിളികളിലും പരമാവധി വിഭവ സമാഹരണം നടന്നുവെന്നാണ് സർക്കാരിൻ്റെ അവകാശ വാദം. അപ്പോഴും കടമെടുപ്പിലാണ് കേരളത്തിൻ്റെ എല്ലാ പ്രതീക്ഷയും നിലകൊള്ളുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വിപണി തിരിച്ചുവരുമെന്ന കണകൂട്ടലിലാണ് സർക്കാർ. എന്നാൽ ജി എസ് ടി ഉൾപ്പെടെയുള്ള കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവ് തുടങ്ങും. ജൂലൈ മാസം കഴിഞ്ഞാൽ ജിഎസ്ടി നഷ്ടപരിഹാരമില്ല. മറ്റ് ഗ്രാന്‍റുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17000കോടി രൂപയോളം വരും.

സാമ്പത്തിക വർഷം അവസാനം, റെക്കോർഡ് ചെലവഴിക്കലാണ് നടന്നത്. 21000കോടി രൂപ. പദ്ധതി ചെലവിടൽ 90ശതമാനത്തിലാണ് എത്തിച്ചത്. എന്നാൽ പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ തുടക്കം കടുത്ത ഞെരുക്കത്തിലാവും. ജിഎസ്ടി പുനസംഘടനയടക്കം നടത്തി നികുതി വരവ് ഉയർത്തുകയാണ് പുതിയ വർഷത്തിലെ പ്രധാന കടമ്പ.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നല്ല കയ്യടക്കത്തോടെ വർഷാവസാന പ്രതിസന്ധികളെ മറികടക്കാൻ ധനമന്ത്രി ബാലഗോപാലിന് കഴിഞ്ഞതായി അവർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് മാസത്തിൽ മാത്രം 22,000 കോടി രൂപയുടെ ബില്ലുകളും ചെക്കുകളും ട്രഷറിയിൽ നിന്ന് മാറ്റിക്കൊടുത്തു. ഇത് സർവ്വകാല റിക്കാർഡാണ്. അവസാന അഞ്ചു ദിവസത്തിൽ മാത്രം 8000 കോടിയുടെ ബില്ലുകൾ മാറ്റി നൽകി.ഇതിന് വേണ്ടി മാത്രം വീണ്ടും 4000 കോടി രൂപ കടമെടുക്കേണ്ടി വന്നു. വർഷാരംഭത്തിലെ ചിലവുകൾക്ക് വീണ്ടും കടം വാങ്ങേണ്ടി വരുന്നെന്നുറപ്പ്. റവന്യൂ കമ്മിയിലുണ്ടാകുന്ന അതി ഭീമമായ വിടവ് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. ശ്രീലങ്കയുടെ പതനത്തിന് കാരണമായത്‌ റവന്യൂ കമ്മി കൂടി കൂടി വന്ന് വിദേശനാണ്യശേഖരം ശേഷിച്ചു പോയതാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button