കെ റെയിൽ ലൈന്‍ സംവാദ പാനലില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ

തിരുവനന്തപുരം: കെ റെയിൽ ലൈന്‍ സംവാദ പാനലില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ. ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംവാദം നടത്തേണ്ടത് കെ റെയിലല്ല സര്‍ക്കാരാണെന്നാണ് അലോക് വര്‍മ പറയുന്നത്. സംവാദം സംബന്ധിച്ച് ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ കത്തയക്കണമെന്നും അലോക് വർമ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന മൂന്ന് പാനലിസ്റ്റുകളിലൊരാളായി തീരുമാനിച്ചയാളായിരുന്നു അലോക് വര്‍മ.

നേരത്തെ സര്‍ക്കാര്‍ സംവാദം സംഘടിപ്പിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. പക്ഷെ ഇന്നലെ വന്ന ക്ഷണ കത്ത് അയച്ചിരിക്കുന്നത് കെ റെയിലാണ്. മാത്രമല്ല കെ റെയില്‍ പദ്ധതിയുടെ ഗുണ വശങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാനുള്ള ചര്‍ച്ച എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഏകപക്ഷിയമായ ഒരു നിലപാട് കെ റെയില്‍ തന്നെ എടുക്കുകയാണെന്നും സര്‍ക്കാര്‍ നടത്താനുദ്ദേശിച്ച സംവാദം കെ റെയില്‍ നടത്തുന്നത് ചടങ്ങ് തീര്‍ക്കല്‍ മാത്രമാണെന്നും അലോക് വര്‍മ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയോ മറ്റൊരു പ്രതിനിധിയോ കത്തയക്കണമെന്നും ഇന്നുച്ചയക്ക് മുമ്പ് തീരുമാനം വ്യക്തമാക്കണമെന്നുമാണ് അലോക് വര്‍മ കത്തിൽ ആവശ്യപ്പെടുന്നത്. പാനല്‍ ചര്‍ച്ചയില്‍ നിന്ന് ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയതിലും കത്തിൽ വിമർശനമുണ്ട്.

പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന അലോക് വര്‍മ്മ, ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരേയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരേയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റി. പകരം പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി നടത്തുക.

Comments

COMMENTS

error: Content is protected !!