നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നു പോകുന്ന മൂടാടി പഞ്ചായത്തിലെ ചാലി വെള്ളർക്കാട് പാടശേഖരത്ത് വെള്ളപ്പൊക്ക ഭീഷണി
കൊയിലാണ്ടി ∙ നന്തി ചെങ്ങോട്ടുകാവ് ബൈപാസ് കടന്നു പോകുന്ന മൂടാടി പഞ്ചായത്തിലെ ചാലി വെള്ളർക്കാട് പാടശേഖരത്ത് വെള്ളപ്പൊക്ക ഭീഷണി. വേനൽമഴ പെയ്തതോടെ ചാലിയിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. ചാലി പ്രദേശത്ത് പാടങ്ങൾക്കു കുറുകെയാണ് ബൈപാസ് റോഡ് കടന്നുപോകുന്നത്. പാടത്തിനു കുറുകെ മണ്ണിട്ട് ഉയർത്തിയിരിക്കുകയാണ്. 8 മുതൽ 12 മീറ്റർ ഉയരത്തിലാണ് ഈ മേഖലയിൽ റോഡ് പണിയുന്നത്. പൊന്നാട്ടിൽ പുറാല വയൽ പ്രദേശങ്ങളിൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പാടേ തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ചാലിയിലെ ചെളിമണ്ണ് നീക്കം ചെയ്തു അവിടെ മലയിടിച്ചുള്ള മണ്ണിട്ട് നികത്തിയാണ് ബൈപാസ് പണിയുന്നത്. ഇവിടെ പാടങ്ങൾ മുറിച്ച് കടന്ന ബൈപാസ് കടന്നുപോകുമ്പോൾ മഴവെള്ളത്തിന്റെ ഒഴുക്ക് പൂർണമായും തടസ്സപ്പെട്ടേക്കും. ഇതിന്റെ ദുരിതം സമീപ പ്രദേശങ്ങളും അനുഭവിക്കേണ്ടിവരുമെന്നു തദ്ദേശവാസികൾ പറയുന്നു. മൂടാടി പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന പ്രദേശം വരെ വെള്ളക്കെട്ടിലാകുമെന്നാണ് ആശങ്ക. ചാലിയിൽ വെള്ളം ഒഴുകി പോകാൻ സംവിധാനം ഒരുക്കുമെന്ന് ബൈപാസ് അധികൃതർ പറയുന്നുണ്ട്. അതേസമയം ഇവിടെ ഓവുചാൽ നിർമാണം നടത്താതെയാണ് ബൈപാസിനായി പാടങ്ങൾ നികത്തിക്കൊണ്ടിരിക്കുന്നത്.