കീഴരിയൂരിലെ നീർത്തടങ്ങൾക്ക് സംരക്ഷണമേകാൻ ‘നീരുറവ്’ നീർത്തട നടത്തം സംഘടിപ്പിച്ചു
‘നീരുറവ്’ സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുക. നീർത്തട നടത്തത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല ടീച്ചർ നിർവഹിച്ചു.
പഞ്ചായത്തിലെ നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി നീർച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിർവ്വഹണം നടത്തുന്നതിന് ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് നീരുറവ്. നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവുമാണ് നീരുറവിലൂടെ ലക്ഷ്യമിടുന്നത്.
വൈസ് പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.സി രാജൻ, അമൽ സരാഗ, ടി.വി ജലജ, മോളി, വി.ഇ.ഒ മോഹനൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വിഥുല തുടങ്ങിയവർ സംസാരിച്ചു.