CALICUTDISTRICT NEWSKERALA
കോഴിക്കോട് നഗരത്തിന്റെ യാത്രാപ്രശ്‌നത്തിന് പരിഹാരമാവുന്ന ലൈറ്റ് മെട്രോയ്‌ക്ക് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്ന നടപടി തുടങ്ങി
ജില്ലയുടെയും കോഴിക്കോട് നഗരത്തിന്റെയും യാത്രാപ്രശ്‌നത്തിന് പരിഹാരമാവുന്ന ലൈറ്റ് മെട്രോയ്‌ക്ക് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്ന നടപടി തുടങ്ങി. യാത്രക്കാരുടെ എണ്ണം കണക്കാക്കി നിയോ മെട്രോയും പരിഗണനയിലുണ്ട്. കൊച്ചി മെട്രോ റെയിൽ കോർപറേഷനാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുന്നത്. സ്വകാര്യ ഏജൻസിയെ ഇതിന് ഉപയോഗപ്പെടുത്തും. തുടർന്ന് ഡിപിആർ (വിശദ പദ്ധതി റിപ്പോർട്ട് ) തയ്യാറാക്കും.
ഗതാഗത കുരുക്കിനുള്ള ശാശ്വത പരിഹാരം എന്ന നിലയിൽ നിരന്തര ആവശ്യത്തിനൊടുവിൽ 2010ലാണ് ലൈറ്റ് മെട്രോ എന്ന ആശയം വരുന്നത്. പിന്നാലെ 2014-ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡിപിആർ തയ്യാറാക്കിയിരുന്നു. 2017-ൽ വീണ്ടും പുതുക്കിയെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് കൊച്ചി മെട്രോ റെയിൽ കോർപറേഷന്റെ നിലപാട്. തുടർന്നാണ് പുതിയ ഡിപിആർ തയ്യാറാക്കുന്നത്. പദ്ധതിക്ക് കേന്ദ്രാംഗീകാരം ലഭിക്കാനും പുതിയ റിപ്പോർട്ട് വേണം. അതിനാലാണ് വീണ്ടും സാധ്യതാ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്.
ലൈറ്റ് മെട്രോ വിഭാവനം ചെയ്യുന്ന മെഡിക്കൽ കോളേജ് മുതൽ- മീഞ്ചന്ത വരെയുള്ള റൂട്ടിലെ വാഹനതോത് ഇതിനായി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റ് മെട്രോയാണോ ചെലവ് കുറഞ്ഞ നിയോ മെട്രോയാണോ വേണ്ടതെന്ന് തീരുമാനിക്കുക. 2021ലെ കണക്കനുസരിച്ച് ഈ റൂട്ടിൽ തിരക്കുള്ള സമയത്ത് പോലും 6170 വാഹനങ്ങളാണ് കടന്നുപോകുന്നത്. 2024ൽ ഇത് 11296 ആയി വളരാമെങ്കിലും ലൈറ്റ് മെട്രോ ലാഭത്തിലാക്കാൻ ഇതിനനുസരിച്ചുള്ള യാത്രക്കാർ മതിയാവില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയുടെ 25 ശതമാനം തുക മതിയാവുന്ന, ബോഗികൾ കുറഞ്ഞ നിയോ മെട്രോയ്‌ക്കാണ് സാധ്യത കൂടുതൽ. അതേസമയം, സംസ്ഥാനത്ത് ഒരു മെട്രോ കോർപറേഷൻ മതിയെന്ന കേന്ദ്ര തീരുമാനം പദ്ധതിക്ക് തടസമാവുന്നുണ്ട്. ഇത് മറികടക്കാനാണ് സംസ്ഥാന സർക്കാർ കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപറേഷൻ രൂപീകരിച്ചത്.
Comments