കണ്ണൂർ കോർപ്പറേഷന്‍ മാലിന്യശേഖരണത്തിനായി പുറത്തിറക്കിയ നെല്ലിക്ക ആപ്പിന് സ്വച്ഛ് ഭാരത് മിഷന്‍റെ ആദരം
‘നെല്ലിക്ക’യ്ക്ക് അംഗീകാരം,സ്വച്ഛ് ഭാരത് മിഷൻ രാജ്യത്തെ മികച്ച 30 സ്റ്റാർട്ടപ്പുകളില്‍ ഒന്നായി ‘നെല്ലിക്ക’യെ തെരഞ്ഞെടുത്തു.
മാലിന്യനീക്കം പ്രതിസന്ധിയുണ്ടാക്കിയപ്പോൾ, തലവേദന മറികടക്കാൻ, രണ്ടര വർഷം മുമ്പാണ് ‘നെല്ലിക്ക’ എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർ കോഡ് പതിച്ചാണ് ആപ്പ് പ്രവർത്തനം തുടങ്ങിയത്. ഹരിതസേന പ്രവർത്തകർ വീട്ടിലെത്തി, ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് മാലിന്യത്തിന്റെ തൂക്കം നോക്കി യൂസർഫീ ഈടാക്കും. വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തുമ്പോൾ വീട്ടുടമസ്ഥന്റെ മൊബൈലിൽ എസ്‌എംഎസ് സന്ദേശം എത്തും.
വീടുകളിൽ തന്നെ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനായാണ് ‘നെല്ലിക്ക’ ആപ്പ് എത്തിയത്. വീട്ടിൽ മാലിന്യമുള്ളത്, വിളിച്ച് അറിയിക്കാൻ ഹെൽപ്പ്ലൈനും സജ്ജമാക്കി. ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വാർഡ് നമ്പർ നൽകിയാൽ അതത് ഹരിതകർമ സേനാംഗത്തോട് നേരിട്ട് സംസാരിക്കാം. അതേസമയം വിളിക്കുന്നയാളുടേയും സംസാരിക്കുന്നയാളുടേയും മൊബൈൽ നമ്പർ പരസ്പരം കാണാൻ സാധിക്കില്ലെന്ന പ്രത്യേകതയും ‘നെല്ലിക്ക’യ്ക്ക് ഉണ്ട്.
ഇത്തരത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് മൈസൂരു, മുംബൈ, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലുള്ള റിസൈക്ലിങ് ഏജൻസികൾക്ക് വിൽപ്പന നടത്തും. ചില്ല് കുപ്പികൾ, തുണിത്തരങ്ങൾ, ചെരുപ്പ്, ബാഗ്, ഇ മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് സംസ്‌കരണ പ്ലാന്റുകളിലേക്ക് നൽകും. സ്ഥാപനങ്ങളിൽ നിന്ന് ദിവസവും ശേഖരിക്കുന്ന മൂന്ന് ടൺ ജൈവമാലിന്യങ്ങൾ എയ്‌റോബിക് കമ്പോസ്റ്റ് രീതിയിൽ വളമാക്കിയും വിൽപ്പന നടത്തും. ഈ മാസം അവസാനം, കണ്ണൂർ കോർപ്പറേഷൻ, തളപ്പറമ്പ് നഗരസഭ, പരിയാരം, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിൽ ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കാനിരിക്കെയാണ് അംഗീകാരം എത്തിയിരിക്കുന്നത്.