46 ജീവനക്കാര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്; ഓണ്‍ലൈന്‍ ബുക്കിങും നിര്‍ത്തി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക്. ദര്‍ശനത്തിനായുളള ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം, വിവാഹം അടക്കമുളള വഴിപാടുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി. ഇന്നത്തെ വിവാഹങ്ങള്‍ മാത്രം നടത്താന്‍ അനുമതിയുണ്ട്.
ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കും.
ഈ മാസം ഒന്നു മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.