തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെയാകും കേരളത്തിലെത്തുകയെന്ന് കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.ആശങ്ക ഒഴിഞ്ഞതോടെ തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്‍വലിച്ചു.
തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും.സംസ്ഥാനത്തെത്തുമ്പോൾ മണിക്കൂറിൽ പരമാവധി40 കിലോമീറ്ററിൽ താഴെയാകും വേഗം. കടലിൽ പോകുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാതെയാണ് സംസ്‌ഥാനം എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് ഇന്ന് പൊതുഅവധിയാണ്.
പത്തു ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പിഎസ്‌സി പരീക്ഷ മാറ്റി
ഗ്രാമവികനസന വകുപ്പിൽ ലക്ചർ ഗ്രേഡ് 1 റുറൽ എഞ്ചിനിയറിങ് (കാറ്റഗറി നമ്പർ 68/15) തസ്‌തികയിലേക്ക് പിഎസ്‌സി വെള്ളിയാഴ്‌ച നടത്താനിരുന്ന ഒഎംആർ പരീക്ഷ മാറ്റി. പുതുക്കിയ തിയതിയും സമയവും പിന്നീട് അറിയിക്കും. വെള്ളിയാഴ്‌ച നടത്താനിരുന്ന അഭിമുഖങ്ങളും മാറ്റി.
കേരള, എം ജി പരീക്ഷകൾ മാറ്റി
കേരള സർവകലാശാലയും മഹാത്‌മാഗാന്ധി സർവകാലാശാലയും വെള്ളിയാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർമാർ അറിയിച്ചു. പുതുക്കിയ തിയതി പീന്നീട് അറിയിക്കും.
വ്യാഴാഴ്ച ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് ചേർന്ന് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കര, വ്യോമ, തീരസംരക്ഷണ സേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.
സേന സജ്ജം
ബുറേവി ചുഴലിക്കാറ്റിന്റെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ കര, വ്യോമ, തീരസംരക്ഷണ സേനകൾ സജ്ജം. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി. പാങ്ങോട് കരസേനാ ആസ്ഥാനത്തുനിന്ന് 25 അംഗ സംഘത്തെ വിന്യസിച്ചു. കോയമ്പത്തൂർ സുലുർ വ്യോമസേനാകേന്ദ്രത്തിൽ എംഐ -17, സാരംഗ് ഹെലികോപ്‌റ്ററുകളും എഎൻ -32 വിമാനവും നിലയുറപ്പിച്ചിട്ടുണ്ട്.
വിഴിഞ്ഞം തീരസംരക്ഷണകേന്ദ്രം രണ്ട് കപ്പലും രണ്ട് ബോട്ടും വിന്യസിച്ചു. ആക്കുളം വ്യോമസേനാ ആസ്ഥാനവും ശംഖുംമുഖം വ്യോമസേനാ താവളവും സജ്ജമായി. തീരസംരക്ഷണ സേനയുടെയും നാവിക സേനയുടെയും വിമാനങ്ങൾ തിരുവനന്തപുരത്തും ലക്ഷദ്വീപ് മേഖലയിലും നിരീക്ഷണപ്പറക്കൽ നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ച ഏഴു ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേർന്നു. ജില്ലകളിലെ മേൽനോട്ടം ചുമതലയുള്ള മന്ത്രിമാർക്കാണ്. കലക്ടർമാരെ സഹായിക്കാൻ സെക്രട്ടറിമാരെയും നൽകും.