സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ മുഖ്യ സാക്ഷി മൊഴി മാറ്റി
2018 ഒക്ടോബര്‍ 27ന് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് ക്രൈബ്രാഞ്ചിന് ആദ്യം നൽകിയ മൊഴിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞത്.
അഡി. മജിസ്ട്രറ്റിന് മുന്നിലാണ് മൊഴി നൽകിയത്. പ്രശാന്ത് വ്യക്തമായി അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. പ്രശാന്തിന്റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്ക് അപേക്ഷ നൽകിയതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ സാക്ഷി പ്രശാന്ത് തയ്യാറായില്ല. ആശ്രമം കത്തിച്ചത് ആരെന്ന് അറിയില്ലെന്ന് പ്രശാന്ത് പറഞ്ഞു. സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണെന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചിരിക്കുന്നത്. മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും തെളിവുകള്‍ ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നുമായിരുന്നു പ്രശാന്ത് ആദ്യം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. അനുജന്‍ മരിക്കുന്നതിന് കുറച്ചു ദിവസം മുന്‍പ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പ്രകാശ് അസ്വസ്ഥനായിരുന്നെന്നും പ്രശാന്ത് അന്ന് വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിലുള്ള യുവാവിനെ കഴിഞ്ഞ വര്‍ഷം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് അസ്വസ്ഥനായതെന്നും തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ മജിസ്ട്രേറ്റിന് മുന്നിൽ പ്രശാന്ത് മാറ്റി പറഞ്ഞിരിക്കുന്നത്.