മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കല്‍പ്പറ്റ പാറവയലിലുള്ള വീട്ടിലാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. വിശ്വനാഥന്റെ ഭാര്യയുമായി രാഹുല്‍ സംസാരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയിരിക്കുന്നത്.

ടി സിദ്ധിഖ് എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ വിശ്വനാഥന്റെ വീട്ടിലെത്തിയത്. കുടുംബം പങ്കുവെച്ച ആശങ്ക കെ സി വേണുഗോപാല്‍ രാഹുലിന് വിശദീകരിച്ചുകൊടുത്തു. പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തിയാണ് കുടുംബം രാഹുലുമായി സംസാരിക്കുന്നത്.വിശ്വനാഥന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറോടും ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളേജില്‍ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയപ്പോഴായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ചിലര്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് വിശ്വനാഥന്‍ ഓടി രക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം സമീപത്തുള്ള പനയില്‍ തൂങ്ങിമരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തി. ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി. വിശ്വനാഥനെ കാണാതായ അന്ന് തന്നെ പരാതി പറഞ്ഞിട്ടും പൊലീസ് കേസ് എടുക്കാന്‍ തയാറായില്ലെന്നു ഭാര്യ മാതാവ് പറഞ്ഞു.

Comments

COMMENTS

error: Content is protected !!