പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കുന്നമംഗലം: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി  ഹോട്ടൽ, കൂൾബാർ, തട്ടുകട, ഹോസ്റ്റൽ അടുക്കള എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.  ചെറൂപ്പ, കൽപ്പള്ളി, തെങ്ങിലക്കടവ്, മാവൂർ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.  കാലാവധി കഴിഞ്ഞ പാക്കറ്റ് പാൽ, പലഹാരങ്ങൾ, ടൊമാറ്റോ സോസ്, അൽഫാം മസാല, ഐസ് ക്രീം എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
 കിണർ വെള്ളത്തിന്റെ  ഗുണനിലവാരം ഉറപ്പാക്കണമെന്നും പഴകിയതോ കാലാവധി കഴിഞ്ഞതോ ആയ  ഭക്ഷണസാധനങ്ങൾ  വിൽക്കരുതെന്നും ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ എടുത്തു മാത്രമേ കച്ചവടം ചെയ്യാവൂ എന്നും നിർദേശം നൽകി.
പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുള്ളതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക്‌  നോട്ടീസ് നൽകി. ഹെൽത്ത് കാർഡില്ലാത്തവർ രണ്ടു ദിവസത്തിനുള്ളിൽ ഫിറ്റ്നസ് എടുക്കണമെന്ന്‌ നിർദേശിച്ചു.
ചെറൂപ്പ എംസിഎച്ച് യൂണിറ്റ്‌ നടത്തിയ പരിശോധനയിൽ  സിവിൽ സർജൻ ഡോ. കെ എം ഇബ്രാഹിം, എച്ച് ഐ അബ്ദുൽ മജീദ്, പി വി സുരേഷ് കുമാർ, പി എച്ച് എൻ സരസ്വതിക്കുട്ടി എന്നിവർ പങ്കെടുത്തു.
നോട്ടീസ്  ലഭിച്ച  സ്ഥാപനങ്ങൾ നിർദിഷ്ട കാലാവധിക്കുള്ളിൽ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ നിയമ നടപടി  സ്വീകരിക്കുമെന്ന് എച്ച്‌ഐ ടി അബ്ദുൾ മജീദ് അറിയിച്ചു. പെരുമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് കോളറ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  കുടിവെള്ള, -ഭക്ഷണ ശുചിത്വം കർശനമായി പാലിക്കണമെന്ന്  മെഡിക്കൽ ഓഫീസർ ഡോ. ബിൻസു വിജയൻ അറിയിച്ചു.
Comments

COMMENTS

error: Content is protected !!