KOYILANDILOCAL NEWS
കൊയിലാണ്ടി മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ നീണ്ട മൂന്ന് മണിക്കൂറിന് ശേഷം മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി
കൊയിലാണ്ടി:മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ നീണ്ട മൂന്ന് മണിക്കൂറിന് ശേഷം മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തിനടുത്ത് കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ് (60) കൊയിലാണ്ടി മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്.
വേളാങ്കണ്ണി എന്ന ബോട്ടിലാണ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി വിശ്രമിച്ച ശേഷം രാത്രി 11 മണിയോടെയാണ് ബോട്ട് വീണ്ടും മത്സ്യബന്ധനത്തിനായി തിരിച്ചത്. കൊയിലാണ്ടി തീരത്ത് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിലായിരുന്നു ബോട്ട്. സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ രാത്രി വൈകി ബോട്ടില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സ്റ്റീഫന്‍ മൂന്ന് മണിയോടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു. എന്നാല്‍ ബോട്ടിലുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സ്റ്റീഫനെ കാണാതായ വിവരം മറ്റ് തൊഴിലാളികള്‍ അറിഞ്ഞത്. കടലില്‍ വീണതാകുമെന്ന അനുമാനത്തില്‍ തൊഴിലാളികള്‍ ഉടന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം തിരച്ചില്‍ ആരംഭിച്ചു. ബോട്ട് സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിച്ചാണ് തിരച്ചില്‍ നടത്തിയത്. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം ഒമ്പത് മണിയോടെയാണ് കടലില്‍ നീന്തുകയായിരുന്ന സ്റ്റീഫനെ കണ്ടെത്തിയത്.
മൂന്ന് മണിക്കൂറോളം കടലില്‍ നീന്തിയതിനെ തുടര്‍ന്ന് ബോധം മറയാനായ അവസ്ഥയിലായിരുന്നു സ്റ്റീഫന്‍. രക്ഷപ്പെടുത്തിയ ഉടന്‍ ബോട്ടില്‍ വച്ച് ഇദ്ദേഹത്തിന് പ്രഥമശ്രുശൂഷ നല്‍കി. തുടര്‍ന്ന് രക്ഷാബോട്ട് തീരത്തേക്ക് കുതിച്ചു. തീരത്ത് സജ്ജമായിരുന്ന ഫയര്‍ ഫോഴ്സിന്റെ ആംബുലന്‍സില്‍ ഉടന്‍ തന്നെ സ്റ്റീഫനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു.
സ്റ്റീഫന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മണിക്കൂറുകള്‍ കടല്‍വെള്ളത്തില്‍ കിടന്നതിന്റെ ക്ഷീണവും തളര്‍ച്ചയും മാത്രമേ ഉള്ളൂവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സി.പി.ഒ ഷാജി മൂടാടി, മറൈന്‍ റെസ്‌ക്യൂവര്‍മാരായ സുമേഷ്, ഹമിലേഷ്, ഫിഷറീസ് റെസ്‌ക്യൂവറായ അമര്‍നാഥ് എന്നിവര്‍ ഉള്‍പ്പെട്ട മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments