CALICUTDISTRICT NEWS

പോക്സോ സ്പെഷ്യല്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു

ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.   കോടതികളുടെ പ്രവര്‍ത്തനം ഇന്ന്്  (ജൂലൈ 1)  ആരംഭിക്കും.  ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി കോടതികളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജില്ലയിലെ കോടതികളുടെ വിര്‍ച്വല്‍ ഉദ്ഘാടനം നടന്നത്.
പോക്സോ കേസുകളും ബലാല്‍സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 പ്രത്യേക കോടതികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 17 എണ്ണമാണ് ഇപ്പോള്‍ തുടങ്ങുന്നത്. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 7,600 പോക്സോ കേസുകളും 6,700 ബലാല്‍സംഗ കേസുകളും നിലവിലുണ്ട്.
കുട്ടികള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കാരണങ്ങള്‍ സമഗ്രമായി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടിയെടുക്കും. ഈയിടെ കേരള പൊലീസിന്റെ 117 ടീമുകള്‍ പങ്കെടുത്ത ‘പി-ഹണ്ട്’ റെയ്ഡില്‍ ഒരു ഡോക്ടറുള്‍പ്പെടെ 89 പേരാണ് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അതിക്രമം നേരിടേണ്ടിവരുന്നു എന്ന വസ്തുതയാണ് ഈ അന്വേഷണത്തില്‍ വ്യക്തമായത്. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.  അതിനായി ഇന്റര്‍പോളിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ നിയമ മന്ത്രി എ.കെ. ബാലന്‍, സാമൂഹ്യനീതി-ശിശു വികസന മന്ത്രി കെ.കെ. ശൈലജ, ഹൈക്കോടതി ജഡ്ജിമാരായ സി.ടി. രവികുമാര്‍, എ.എം. ഷെഫീഖ്, കെ. വിനോദ് ചന്ദ്രന്‍, എ. ഹരിപ്രസാദ്, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button