ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതു ലക്ഷം പിന്നിട്ടു
ലോക്ക്ഡൗണിനുശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം ഒന്‍പതുലക്ഷം കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായി പറഞ്ഞാല്‍ 9,10,684 പേര്‍ എത്തി. അതില്‍ 61 ശതമാനവും (5,62,693) മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് 3,47,991 പേര്‍ വന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരില്‍ 61.26 ശതമാനം പേരും തീവ്ര രോഗവ്യാപനമുള്ള റെഡ്‌സോണുകളില്‍നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ അവസാനത്തോടുകൂടി കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കും എന്നാണ് ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ നമ്മള്‍ കൊവിഡിനെതിരെ പോരാടുകയാണ്. വ്യാപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് പിടിച്ചുനിര്‍ത്താനും നമുക്ക് കഴിഞ്ഞു. അതിലൂടെ നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു.
കഴിഞ്ഞമാസം നമ്മള്‍ പ്രതീക്ഷിച്ച അത്ര രീതിയില്‍ പോസിറ്റീവ് കേസുകളുടെ വര്‍ധന ഉണ്ടായിട്ടില്ല. ജനങ്ങളാകെ ഒരു പരിധിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി എന്നതുകൊണ്ടാണ് അത് സാധ്യമായത്. നമ്മുടെ സംവിധാനങ്ങള്‍ അടക്കം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു. വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000 നും 20000 നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു