KERALA

പാലാ ഉപതിരഞ്ഞെടുപ്പ്: പോരാട്ടം പൊടിപാറും

കോട്ടയം ∙ കേരള കോൺഗ്രസ് (എം) പിളർന്നതോടെ പാലാ ഉപതിരഞ്ഞെടുപ്പിൽ പോരാട്ടം പൊടിപാറും.  നിയമസഭയിൽ 54 വർഷം കെ.എം. മാണി പ്രതിനിധീകരിച്ചതാണ് പാലാ മണ്ഡലം. പാലായിൽ വീഴുന്ന ഓരോ വോട്ടിനും കണക്കുണ്ടാകും. ചെയർമാൻ സ്ഥാനം സംബന്ധിച്ചു പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളുടെ തർക്കത്തിലെ പ്രധാന വിഷയവും പാലാ സീറ്റു തന്നെ.

ഇരു വിഭാഗവും തങ്ങളുടെ കൂട്ടത്തിലേക്ക് ആളെക്കൂട്ടുന്നതു പാലാ സീറ്റു നൽകാമെന്ന വാഗ്ദാനം നൽകിയാണ്. കേരള കോൺഗ്രസിലെ നീക്കങ്ങൾ മൂന്നു മുന്നണികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പാലായിൽ നടക്കുക ത്രികോണ മത്സരമോ അതോ കേരള കോൺഗ്രസുകളുടെ സൗഹൃദ മത്സരമോ എന്നതും ഏവരും  ഉറ്റുനോക്കുന്നു.

 

കേരള കോൺഗ്രസുകൾക്ക് ജീവന്മരണ പോരാട്ടം

 

ജോസ് കെ. മാണിക്കു അഭിമാനപ്പോരാട്ടമാകും പാലായിലേത്. അതേ സമയം ജോസഫ് വിഭാഗം പാലായിൽ ശക്തി തെളിയിക്കാനും ശ്രമിക്കും. ജോസഫിനു പാലായിൽ കുടുംബ ബന്ധങ്ങളുണ്ട്. മാണി വിഭാഗത്തിൽ നിന്നു വന്ന ജോയ് ഏബ്രഹാമിന്റെ നിലപാടും ഇവിടെ പ്രതിഫലിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും വിജയിച്ച യുഡിഎഫിന് പാലായിലെ ഉപതിര‍ഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്.

 

അതേ സമയം ഇരു വിഭാഗവും സീറ്റു ചോദിച്ചാലെന്തു ചെയ്യുമെന്ന് യുഡിഎഫും ഭയക്കുന്നുണ്ട്. തർക്കങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നാണ് ആശങ്ക. സീറ്റു നിഷധിക്കപ്പെടുന്ന വിഭാഗം സൗഹൃദ മത്സരത്തിന് ഒരുങ്ങുന്ന പാരമ്പര്യം പണ്ടേ കേരള കോൺഗ്രസിലുണ്ട്. തോമസ് ചാഴികാടൻ എംപിക്കു 34000 ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് പാലാ. എൽഡിഎഫ് സ്ഥാനാർഥിക്കു പാലായിൽ നിന്നു കിട്ടിയതിനേക്കാൾ അധികം വോട്ടാണ് ചാഴികാടന്റെ ഭൂരിപക്ഷം.

 

പാലായിൽ ഏതു വിധേനയും വിജയം, അതല്ലെങ്കിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കൽ, എൽഡിഎഫിന്റെ സ്വപ്നമാണത്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി യോഗം പാലായിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. എൽഡിഎഫിലെ ഘടക കക്ഷിയായ എൻസിപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതേസമയം പിളരുന്ന കേരള കോൺഗ്രസുകളിൽ ഒന്നെങ്കിലും ഇടതു മുന്നണിയിൽ എത്തിയേക്കുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.

 

ബിജെപിക്ക് നല്ല വോട്ടുള്ള മണ്ഡലം കൂടിയാണ് പാലാ. പി.സി. ജോർജ് നേതൃ‍ത്വം നൽകുന്ന കേരള ജനപക്ഷം എൻഡിഎയുടെ ഭാഗമായി പാലായിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ടയിലെ  ബിജെപിയുടെ  പ്രകടനം പി.സി. ജോർജിന്റെ മോഹങ്ങൾക്കു മങ്ങലേൽപ്പിച്ചു.

 

ആരാകും പാലായിൽ സ്ഥാനാർഥി ?

 

കേരള കോൺഗ്രസിലെ പിളർപ്പും പാലായിലെ സ്ഥാനാർഥി നിർണയവും തമ്മിൽ നേരിട്ടാണ് ബന്ധം. പാലാ ഉപതിരഞ്ഞെടുപ്പു വരെ താൽക്കാലിക ചെയർമാൻ സ്ഥാനം നീട്ടിക്കൊണ്ടു പോകാനാണു ജോസഫ് വിഭാഗം നീക്കമെന്നു മാണി വിഭാഗം സംശയിച്ചിരുന്നു. ചിഹ്നം നൽകുന്നത് ചെയർമാനാണ്. ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കാൻ മാണി വിഭാഗം തയ്യാറാകാത്തതിനു പാലായും പ്രധാന കാരണമാണ്.

 

അര നൂറ്റാണ്ട് കെ.എം. മാണി കാത്തു സൂക്ഷിച്ച സീറ്റിൽ കുടുംബത്തിനു പുറത്തു നിന്നുള്ള സ്ഥാനാർഥികളെ നിർത്തുമോ എന്നു സംശയിക്കുന്നവരുണ്ട്. ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണിയുടെ പേര് ചർച്ചയിൽ വന്നിരുന്നു. മുൻ‌ എംഎൽഎ ഉൾപ്പെടെ ഏതാനും നേതാക്കന്മാരോടും പാലായിൽ പരിഗണിക്കാമെന്നു ജോസഫ് വിഭാഗം വാക്കു നൽകിയെന്നാണ് സൂചന. ജോസഫ് വിഭാഗത്തിലെ ഏതാനും മുതിർന്ന നേതാക്കൾ പാലാ സീറ്റിൽ കണ്ണു വച്ചിട്ടുണ്ട്. മാണി വിഭാഗത്തിൽ നിന്നു ജോസഫ് വിഭാഗത്തിൽ ചേക്കേറിയ മുൻ എംഎൽഎയും  പാലാ സീറ്റ് ചോദിച്ചതായി ശ്രുതിയുണ്ട്.

 

ജോസ് കെ. മാണി തന്നെ പാലായിൽ മത്സരിക്കുമെന്ന പ്രചാരണവുമുണ്ട്. ജോസ് കെ. മാണി മത്സരിച്ചാൽ രാജ്യസഭാ എംപി സ്ഥാനം യുഡിഎഫിനു നഷ്ടപ്പെടും. നിയമസഭയിലെ അംഗബലം അനുസരിച്ച് രാജ്യസഭാ സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഇടതു മുന്നണിക്കു കഴിയുകയും ചെയ്യും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button