കൊവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും സ്പെഷ്യൽ വോട്ട്; എന്ത് ? എങ്ങനെ ?
മുൻപെങ്ങുമില്ലാത്ത വിധം അസാധാരണമായ സാഹചര്യത്തിലാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത്…കാരണം കൊവിഡ് തന്നെ…എന്നാൽ കൊവിഡ് ബാധിതർക്കും, ക്വാറന്റീനുള്ളവർക്കും സ്പെഷ്യൽ വോട്ടിലൂടെ ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്താണ് ഈ സ്പെഷ്യൽ വോട്ട് ? എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടത് ? എങ്ങനെ വോട്ട് രേഖപ്പെടുത്തണം ? നോക്കാം…
മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8, 10, 14 തിയതികളിലായാണ് തെരഞ്ഞെടുപ്പ്.
ഡിസംബർ 8ന്- തിരുവനന്തപുരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ഡിസംബർ 10ന- കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
ഡിസംബർ 14ന്- മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ആരെല്ലാം സ്പെഷ്യൽ വോട്ട് പരിധിയിൽ വരും ?
വോട്ടെടുപ്പ് നടക്കുന്ന തിയതിക്ക് പത്ത് ദിവസം മുൻപ് കൊവിഡ് പോസിറ്റീവ് ആവുകയോ, നിരീക്ഷണത്തിൽ പോകുകയോ ചെയ്യുന്ന വ്യക്തികൾക്ക് സ്പെഷ്യൽ വോട്ട് സേവനം ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് തിയതിയുടെ തലേ ദിവസം മൂന്ന് മണി വരെ കൊവിഡ് പോസിറ്റിവോ, ക്വാറന്റീനോ ആകുന്നവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തും.
തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് പോസിറ്റീവ് ആയാൽ ?
തെരഞ്ഞെടുപ്പ് തിയതിയുടെ തലേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ശേഷമോ, തെരഞ്ഞെടുപ്പ് തിയതിയിലോ ആണ് കൊവിഡ് പോസിറ്റീവ് ആകുന്നതെങ്കിൽ പിപിഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.
എങ്ങനെ സ്പെഷ്യൽ വോട്ട് സേവനം ലഭിക്കും ?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഒരു പട്ടിക തയാറാക്കും. ആ പട്ടികയിൽ നാം ഇടം പിടിച്ചിട്ടുണ്ടെങ്കിൽ നാം സ്പെഷ്യൽ വോട്ടിന് അർഹനാകും. തെരഞ്ഞെടുപ്പ് ദിനം വോട്ട് രേഖപ്പെടുത്താനായി സ്പെഷ്യൽ പോളിംഗ് ടീം നമ്മുടെ അടുത്തേക്ക് എത്തും. ഇതിന് നാം വീട്ടിൽ തന്നെ ആയിരിക്കണം എന്ന് നിർബന്ധമില്ല, നാം നിൽക്കുന്നത് ഒരു കൊവിഡ് കെയർ സെന്ററിലാണെങ്കിലും സ്പെഷ്യൽ ടീം നമ്മുടെ അടുത്ത് എത്തും.
ഇതല്ലാതെ നമുക്ക് സ്വമേധയാ സ്പെഷ്യൽ വോട്ടിനായി അപേക്ഷിക്കാൻ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ 19ഡി എന്ന ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് നമുക്ക് അപേക്ഷ സമർപ്പിക്കാം. അത്തരം അപേക്ഷകൾക്കൊപ്പം ഒരു അർഹതാ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
സ്പെഷ്യൽ വോട്ടിംഗിലൂടെ വോട്ട് രേഖപ്പെടുത്തേണ്ടത് എങ്ങനെ ?
വോട്ടിംഗ് ദിവസം സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടർമാരുടെ വീടുകളിൽ സ്‌പെഷ്യൽ ടീം എത്തും. സ്‌പെഷ്യൽ പോളിംഗ് ഓഫിസർ, പോളിംഗ് അസിസ്റ്റന്റ് ഒരു പൊലീസുകാരൻ എന്നിവരാണ് ടീമിലുണ്ടാകുക. ഇവർ സ്പെഷ്യൽ വോട്ടറുടെ വീട്ടിലെത്തി ആപ്ലിക്കേഷൻ കൈമാറും. അതിൽ ബാലറ്റ് പേപ്പർ കിട്ടിയത് അടക്കമുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തും. ഈ ഡിക്ലറേഷനും, പോസ്റ്റൽ ബാലറ്റും, കവറും സ്പെഷ്യൽ വോട്ടർക്ക് കൈമാറും. സ്പെഷ്യൽ ഓഫിസറിന് മുമ്പാകെ സ്പെഷ്യൽ വോട്ടർ ഈ ഡിക്ലറേഷനിൽ ഒപ്പിടണം.
സ്പെഷ്യൽ വോട്ടർക്ക് വീട്ടിലെ സൗകര്യമുള്ള സ്ഥലത്ത് പോയി തന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം. അത്തരത്തിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഒപ്പം നൽകിയിരിക്കുന്ന കവറിലിട്ട് സീൽ ചെയ്യുക.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്ക് പ്രത്യേകം ബാലറ്റ് പേപ്പറുണ്ടാകും. ത്രിതല പഞ്ചായത്തിലെ ഒരു വോട്ടർക്ക് മൂന്ന് വോട്ടുകളുണ്ടാകും. ഗ്രാമ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും, ജില്ലാ പഞ്ചായത്തിലേക്കും. ഈ മൂന്ന് ബാലറ്റ് പേപ്പറിലും വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലിടണം. മൂന്ന് സത്യവാങ്മൂലത്തിലും ഒപ്പു വയ്ക്കണം. ഓരോ ബാലറ്റ് പേപ്പർ അടങ്ങിയ കവറും, സത്യവാങ്മൂലവും മറ്റൊരു കവറിലിട്ട് ഒട്ടിക്കണം. ഇത് സ്പെഷ്യൽ പോളിംഗ് ഓഫിസറെ ഏൽപ്പിക്കണം.
ഓഫിസറെ ഏൽപ്പിക്കാൻ താത്പര്യമില്ലെങ്കിൽ, തപാൽ മാർഗമോ, മറ്റൊരു വ്യക്തി വഴിയോ റിട്ടേണിംഗ് ഓഫിസറിന്റെ പക്കൽ ഏൽപ്പിക്കണം. വോട്ടെണ്ണുന്ന ദിവസം മാത്രമേ ഈ കവർ തുറക്കുകയുള്ളു.
വോട്ട് രേഖപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒന്നുകിൽ ശരി മാർക്ക്, അല്ലെങ്കിൽ ഇന്റു/ തെറ്റ് മാർക്ക് ..ഇങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഓരോ സ്ഥാനാർത്ഥിക്ക് നേരെയും ഒരു കോളം ഉണ്ടാകും. അതിനകത്ത് വേണം വോട്ട് രേഖപ്പെടുത്താൻ. കാണുന്നവർക്ക് ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലാണ് നിങ്ങൾ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയതെങ്കിൽ ആ വോട്ട് അസാധുവാകും.
കൊവിഡ് ഭീതിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കാതെ മാറി നിൽക്കേണ്ടതില്ല. വ്യക്തി ശുചിത്വം, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തി നമുക്കും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാം.