കൃഷിയുടെ ആത്മാവറിഞ്ഞ് ബാലകൃഷ്ണൻ വീണ്ടും


ചെങ്ങോട്ടുകാവ്: കൃഷി രീതികള്‍ കൊണ്ട് ശ്രദ്ദേയനായ ബാലകൃഷ്ണൻ വീണ്ടും വാർത്തകളിലിടം പിടിക്കുന്നു. എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃഷ്ണ്‍ വിട്ടുവിഴ്ചയില്ലാത്ത ജൈവ കൃഷിരീതികൾ പിന്തുടരുന്നയാളാണ്.. വേനല്‍ക്കാല പച്ചക്കറി കൃഷി നാട്ടിലെങ്ങും തുടങ്ങും മുമ്പെ ബാലകൃഷ്ണന്‍ വിളവെടുപ്പ് പൂര്‍ത്തീകരിക്കും. കുറ്റിക്കാടും വളളികളും നിറഞ്ഞ കുന്നിലാണ് ബാലകൃഷ്ണന്റെ കൃഷിത്തോട്ടം. മഴക്കാലത്ത് തന്നെ കൃഷി ആരംഭിക്കും. മുളളന്‍ പന്നികളുടെ ശല്യമാണ് കര്‍ഷകരെല്ലാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

 

കൃഷി ത്തോട്ടത്തിലെ മരച്ചില്ലകളിലേക്ക് കയറു കെട്ടി അതിലേക്ക് കുമ്പളത്തിന്റെയും മത്തന്റെയും,വെളളരിയുടെയും വളളികള്‍ പടര്‍ത്തുകയാണ് ബാലകൃഷ്ണന്‍ ചെയ്യുന്നത്. വളളികളില്‍ തുങ്ങിയാടുന്ന കുമ്പളമോ,വെളളരിയോ മുളളന്‍ പന്നികള്‍ക്ക് തൊടാന്‍ കഴിയില്ല. അങ്ങിനെ ബലകൃഷ്ണൻ മുള്ളൻ പന്നികളെ അതിജീവിക്കുന്നു. വിത്തോ തൈകളോ നടുന്നതിന് മുമ്പായി കോഴികാഷ്ഠവും ഉണക്കി പൊടിച്ച ചാണകവും തടങ്ങളിലിട്ട് രണ്ടാഴ്ചയോളം നന്നായി നനയ്ക്കും. അതിന് ശേഷമാണ് തൈകള്‍ നടുക. നാലഞ്ച് ഇലകള്‍ വന്നു തുടങ്ങിയാല്‍ പച്ചിലച്ചാറാണ് പ്രധാന വളം. പത്ത് ദിവസത്തോളം പച്ചചാണക വെളളത്തില്‍ പച്ചിലകളിട്ട് പുളിപ്പിക്കും. ഈ പച്ചിലച്ചാര്‍ അതിന്റെ പത്തിരട്ടി വെളളം ചേര്‍ത്താണ് തടങ്ങളില്‍ ഒഴിക്കുക. ഇതോടെ പച്ചക്കറി തൈകള്‍ നന്നായി തഴച്ചു വളരുമെന്ന് ബാലകൃഷ്ണന്റെ അനുഭവങ്ങൾ പറയുന്നു. ഒരു തരത്തിലുളള രാസവളങ്ങളും കീടനാശികളും ഉപയോഗിക്കാത്തത് കൊണ്ടു തന്നെ, ഇദ്ദേഹത്തിന്റെ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലും ആവശ്യക്കാരെറെയാണ്. വീട്ടില്‍ പശു വളര്‍ത്തുന്നത് കൊണ്ട് ചാണകം സുലഭം. കോഴിക്കാഷ്ടം ചേമഞ്ചേരിയില്‍ നിന്ന് വിലകൊടുത്ത് വാങ്ങും.

പാവല്‍,പടവലം,വെണ്ട,പയര്‍,തക്കാളി,കുമ്പളം എന്നിവയെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. വൈദ്യന്‍ കുമ്പളമെന്ന ചെറു ഇനം കുമ്പളം കൃഷിയിടത്തിലെ പ്രധാന ഇനമാണ്. ഇത്തവണ മിക്കവാറും പച്ചക്കറികൾക്ക് നല്ല വില കിട്ടി. പയറിനിത്തവണ മികച്ച വിലയായിരുന്നു. തത്തകളാണ് പയര്‍ കൃഷിയ്ക്ക് വിനയാവുന്നത്. കീടങ്ങള്‍ക്കെതിരെ ജൈവക്കെണി ഉപയോഗിക്കുന്നുണ്ട്.

Comments

COMMENTS

error: Content is protected !!