ചൂട്ടുകറ്റകളെരിച്ച് കര്‍ഷകസമരത്തിന് പിന്തുണ
കൊയിലാണ്ടി : രണ്ടായിരത്തി ഇരുപതിന്റെ അവസാന സായാഹ്നത്തില്‍ മഴ ചിന്നം ചിന്നം പെയ്തുകൊണ്ടിരുന്നു. പക്ഷേ ചൂട്ടുകറ്റകള്‍ ഒരു വാശിയോടെ നിന്നു കത്തി.
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശ്രദ്ധസാമൂഹ്യ പാഠശാല പ്രവര്‍ത്തകര്‍ കൊയിലാണ്ടി പട്ടണത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സദസ്സ് വേറിട്ട കാഴ്ചകള്‍കൊണ്ട് ശ്രദ്ധേയമായി. ദില്ലിയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് വിടപറയുന്ന വര്‍ഷത്തെ യാത്രയാക്കാനും പുതുവല്‍സരത്തെ കലാസാഹിത്യ പരിപാടികളോടെ സ്വീകരിക്കാനുമായിരുന്നു ശ്രദ്ധ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
വൈകീട്ടോടെ കാലാവസ്ഥ മോശമായി, നഗരത്തില്‍ അതികഠിനമായ വാഹനക്കുരുക്ക്, വൈദ്യുതി നിലച്ചു, ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാനും രാത്രി വൈകീട്ട് പരിപാടികള്‍ തുടരാനും പോലീസ് അനുമതി നിഷേധിച്ചതോടെ മഴയിലും ചൂട്ടുകറ്റകള്‍ കത്തിച്ച് പ്രധിഷേധമുയര്ത്തുകയായിരുന്നു ശ്രദ്ധ പ്രവര്‍ത്തകര്‍. നാടന്‍ പാട്ടുകളും മുദ്രാഗീതങ്ങളുമായി അവര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചു. ലാല്‍ കിഷോര്‍, എന്‍ വി മുരളി, സി.കെ അരവിന്ദന്, ശിവരാമന് കൊണ്ടംവള്ളി, എന്‍ കെ മുരളി, എന്നിവര്‍ നേതൃത്വം നല്കി.