ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണണോ. വാക്സിൻ രണ്ടും എടുത്തിരിക്കണം

അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് ലഭിക്കുക പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ഖത്തർ വ്യക്തമാക്കി.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ലോക കപ്പ് ആവുമ്പോഴേക്കും ലോകത്തിലെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പറഞ്ഞു. ചില രാജ്യങ്ങള്‍ക്ക് അവരുടെ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എന്നാല്‍, വൈറസിനെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാതെ ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് വാക്‌സിന്‍ ഇല്ലാത്ത ആരാധകര്‍ക്ക് നല്‍കാനായി പത്ത് ലക്ഷം ഡോസ് വാക്‌സിനും ഖത്തര്‍ ശ്രമം തുടങ്ങി.

കൊറോണ മുക്ത ലോകകപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഈയിടെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയമടക്കം മൂന്ന് സ്റ്റേഡിയങ്ങളില്‍ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തര്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ നൽകുന്നുണ്ട്.

 

Comments

COMMENTS

error: Content is protected !!