കോവിഡ് വാക്‌സിന്‍ ജില്ലയിലെത്തി; വാക്‌സിനേഷന്‍ 16 മുതല്‍ എത്തിച്ചത് 1,19,500 ഡോസ് വാക്സിന്‍
ആദ്യ ഘട്ട കോവിഡ് വാക്സിനുകള്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ വൈകീട്ട് നാലു മണിയോടു കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗ്ഗം രാവിലെ പത്തേമുക്കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്‌സിന്‍ കോഴിക്കോട്ടെത്തിച്ചത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് വാക്സിന്‍ ഏറ്റുവാങ്ങി.
പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 1,19,500 ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്സിനാണുള്ളത്. ജനുവരി 16ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം തുടങ്ങും. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം,കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് എഫ്.എച്ച്.സി, നരിക്കുനി, മുക്കം സി.എച്ച്.സികള്‍, ആസ്റ്റര്‍ മിംമ്സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടങ്ങളില്‍ വാക്സിന്‍ എത്തിക്കുക. സ്വകാര്യ ആശുപത്രികളില്‍നിന്നടക്കം 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസിനാണ് ജില്ലയില്‍ ഇതിന്റെ ഏകോപനച്ചുമതല. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ ഡ്രൈ റണ്‍ പൂര്‍ണ വിജയമായിരുന്നു. 100 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലായി വാക്സിന്‍ എത്തിക്കും.
കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ സമിതി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 പേര്‍ വീതം 11 കേന്ദ്രങ്ങളിലായി 1,100 പേര്‍ക്ക് ഒരു ദിവസം വാക്‌സിന്‍ നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രത്യേകമായി ഒരു കേന്ദ്രം കൂടി സജ്ജീകരിക്കും.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വാക്്‌സിന്‍ വിതരണം ചെയ്യാനുളള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. ഒരു വാക്‌സിനേറ്റര്‍, നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയതാണ് ഒരു വാക്‌സിനേഷന്‍ കേന്ദ്രം. വാക്‌സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഇവിടെ ഉണ്ടാകും. ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു സമയം ഒരാള്‍ മാത്രമേ വാക്്‌സിനേഷന്‍ റൂമില്‍ കടക്കാന്‍ പാടുളളൂ. വാക്‌സിനേഷനു ശേഷം ഒബ്‌സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. വാക്്‌സിനേഷന്‍ റൂമില്‍ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.